ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറായ 257 പടുത്തുയർത്തിയ ലക്നൗവിനെതിരെ ബാറ്റ് ചെയ്ത പഞ്ചാബിന് നേടാനായത് 201 റൺസ് മാത്രം. ലക്നൗവിന് 56 റൺസിന്റെ തകർപ്പൻ ജയം. കഴിഞ്ഞ മത്സരത്തിൽ ചെറിയ റൺസ് പിന്തുടർന്നപ്പോൾ വീണു എന്ന ചീത്തപ്പേര് കഴുകി കളയാൻ ലക്നൗ കാഴ്ചവെച്ചത് മാസ് പ്രകടനം.
ഒരു സമയത്ത് ടീം ബാംഗ്ലൂർ ഉയർത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറായ 263 മറികടന്ന് മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ചതാണ്. എന്നാൽ തകർപ്പനടി നടത്തിയവരുടെ വിക്കറ്റ് വീണത് തിരിച്ചടിയായി. വരുന്നവരും പോകുന്നവരും എല്ലാം അടിച്ച മത്സരത്തിൽ ലക്നൗ ബാറ്റ്‌സ്മാൻമാരുടെ തല്ല് കൊള്ളാത്ത ഒരു പഞ്ചാബ് ബോളർ പോലും ഉണ്ടായിരുന്നില്ല.. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത പഞ്ചാബ് നായകൻ ധവാൻ ലക്നൗ നായകൻ രാഹുലിന്റെ വിക്കറ്റ് എടുത്തപ്പോൾ സന്തോഷിച്ചതാണ്. താരം 9 പന്തിൽ 12 റൺ മാത്രമാണ് എടുത്തത്. എന്നാൽ അത് വേണ്ടായിരുന്നു രാഹുൽ ക്രീസിൽ നിന്നാൽ മതിയായിരുന്നു എന്ന് ധവാന് തോന്നിക്കാണും. അമ്മാതിരി അടിയാണ് പിന്നെ അവർക്ക് കിട്ടിയത് . രാഹുൽ ക്രീസിൽ നിന്നപ്പോൾ തന്നെ അടി തുടങ്ങിയ മയേഴ്‌സ് 24 പന്തിൽ 54 റൺസാണ് നേടിയത്. തുടക്കം മുതൽ ഔട്ട് ആകുന്ന പന്ത് വരെ മനോഹരമായ ആക്രമണ ഇന്നിങ്‌സാണ് താരം കളിച്ചത്.
രാഹുൽ പുറത്തായ ശേഷം ക്രീസിലെത്തിയ ആയുഷ് ബദോനി കഴിഞ്ഞ വര്ഷം ചില മത്സരങ്ങളിൽ കളിച്ച പോലെ മികച്ച ഇന്നിങ്‌സാണ് ഇന്ന് കളിച്ചത്. താരം 24 പന്തിൽ 43 എടുത്തു. പകരമെത്തിയത് നിക്കോളാസ് പൂരന്, കൂട്ടിന് ഈ ടൂർണ്ണമെന്റിൽ ഇതുവരെ തിളങ്ങാതിരുന്ന മാർക്കസ് സ്റ്റോയിനിസ്. കിട്ടിയ സാഹചര്യം മുതലെടുത്ത് മാർക്കസ് തകർത്തടിച്ചു. സ്റ്റോയിനിസ്40 പന്തിൽ 72 എടുത്താണ് മടങ്ങിയത്, പൂരന് 19 പന്തിൽ 45 റൺ എടുത്തു അവസാന ഓവറിലാണ് പുറത്തായത്. ദീപക്ക് ഹൂഡ 6 പന്തിൽ 11 എടുത്തപ്പോൾ, 2 പന്തിൽ 5 എടുത്ത ക്രുണാളും തന്റെ ഭാഗം നന്നായി ചെയ്തു. എല്ലാ ബോളറുമാരും പ്രഹരം ഏറ്റുവാങ്ങിയ മത്സരത്തിൽ റബാഡ 4 ഓവറിൽ 52 വഴങ്ങി 2 വിക്കറ്റ് നേടിയപ്പോൾ കഴിഞ്ഞ മത്സരത്തിലെ ഹീറോ അർശ്ദീപ് 4 ഓവറിൽ 54 വഴങ്ങി ഒരു വിക്കറ്റ് എടുത്തു. സാം കരൺ , ലിവിങ്സ്റ്റൺ എന്നിവരും ഓരോ വിക്കറ്റ് എടുത്തു.
കൂറ്റൻ സ്കോർ പിന്തുടരാനുള്ള ഇന്ധനം തങ്ങൾക്ക് ഉണ്ടെന്ന് കാണിക്കാൻ ഇറങ്ങിയ പഞ്ചാബിന് തുടക്കം തന്നെ നായകൻ ശിഖർ ധവാനെ നഷ്ടമായി. താരം മാർക്കസ് സ്റ്റോയിനിസിന് ഇരയായി മടങ്ങുമ്പോൾ നേടിയത് 1 റൺ മാത്രം. സഹതാരം പ്രഭ്സിമ്രാൻ സിംഗിനും 13 പന്തിൽ 9 ആയുസ് ഉണ്ടായിരുന്നില്ല. എന്നാൽ യുവതാരം അഥർവ തൈഡെ 36 പന്തിൽ 66 മനോഹരമായി ബാറ്റ് ചെയ്തു. ജയിക്കാൻ സാധിച്ചില്ലെങ്കിലും പൊരുതുമെന്ന മനോഭാവം താരത്തിൽ കണ്ടത് മാത്രമാണ് പഞ്ചാബ് ആരാധകർക്ക് സന്തോഷമായത്. സിക്കന്ദർ റാസ 22 പന്തിൽ 36 ഉം ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുത്തു. ഇരുവരും പുറത്തായ ശേഷമെത്തിയ ലിയാം ലിവിംഗ്സ്റ്റൺ 23 റൺ നേടിയപ്പോൾ സാം കരൻ 21 റൺസെടുത്ത് പുറത്തായി. 10 പന്തിൽ 24 റൺ നേടിയ ജിതേഷ് ശർമ്മയും പോരാടി.
Read more
ലക്നൗവിനായി യാഷ് താക്കൂർ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ നവീൻ ഉൽ ഹഖ് 3 വിക്കറ്റ് വീഴ്ത്തി. രവി ബിഷ്ണോയ് 2 വിക്കറ്റ് വീഴ്ത്തി. മാർക്കസ് സ്റ്റോയിനിസ് 1 വിക്കറ്റ് നേടി. എന്തിരുന്നാലും ബോളിങ്ങിനിടെ താരത്തിന് പരിക്കേറ്റത് വിജയത്തിനിടയിലും ടീമിന് തിരിച്ചടിയായി.