ഐപിഎല്ലിലെ അതിനിര്‍ണായക പോരാട്ടത്തില്‍ പഞ്ചാബ് കിങ്സിന് 166 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 165/7 എന്ന സ്കോറിലെത്തി. ടോസ് നേടിയ പഞ്ചാബ് കൊല്‍ക്കത്തയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു.
അന്ത്യ ഓവറുകളിലെ മികച്ച ബോളിംഗാണ് നൈറ്റ് റൈഡേഴ്സിനെ വലിയ സ്കോറിലെത്താതെ തടയാന്‍ പഞ്ചാബിനെ സഹായിച്ചത്. അവസാന അഞ്ച് ഓവറില്‍ 44 റണ്‍സിന് നൈറ്റ് റൈഡേഴ്സിന്റെ നാല് വിക്കറ്റുകളാണ് നിലംപൊത്തിയത്.
മികച്ച ഫോം തുടര്‍ന്ന് ഓപ്പണര്‍ വെങ്കടേഷ് അയ്യറും (67, ഒമ്പത് ബൗണ്ടറി, ഒരു സിക്സ്) രാഹുല്‍ ത്രിപാഠിയും (34) കൊല്‍ക്കത്തയ്ക്ക് മികച്ച അടിത്തറയാണ് നല്‍കിയത് നിതീഷ് റാണയും (18 പന്തില്‍ 31) കൊല്‍ക്കത്ത സ്കോറിന് കുതിപ്പേകിയവരില്‍പ്പെടുന്നു. എന്നാല്‍ രണ്ട് ഫോറും രണ്ട് സിക്സും പറത്തിയ റാണയെ അര്‍ഷദീപ് സിംഗ് പുറത്താക്കിയതോടെ കൊല്‍ക്കത്തയുടെ ദിശ നഷ്ടപ്പെട്ടു. റണ്‍സ് വിട്ടുകൊടുക്കാന്‍ മടി കാട്ടിയ മുഹമ്മദ് ഷമിയും കൊല്‍ക്കത്തയെ കൂച്ചുവിലങ്ങിടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
ദിനേശ് കാര്‍ത്തിക്ക് (11) അവസാന പന്തുവരെ നിന്നെങ്കിലും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കാര്‍ത്തിക്കിനെ ബൗള്‍ഡാക്കി അര്‍ഷദീപ് വിക്കറ്റ് നേട്ടം മൂന്നായി ഉയര്‍ത്തി. രവി ബിഷ്ണോയിക്ക് രണ്ട് വിക്കറ്റും ഷമിക്ക് ഒരു വിക്കറ്റും വീതം ലഭിച്ചു.