"ബംഗ്ലാദേശ് ഒരു ഇരയേ അല്ല ഇന്ത്യക്ക്"; മുൻ പാകിസ്ഥാൻ താരം അഭിപ്രായപ്പെടുന്നത് ഇങ്ങനെ:

ഇന്നലെ ഗ്വാളിയോറിലെ ന്യൂ മാധവ്‌റാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടി-20യിൽ അവരെ 7 വിക്കറ്റിന് പരാജയപ്പെടുത്തി ഗംഭീര വിജയം സ്വന്തമാക്കി ഇന്ത്യ. ബോളിങ്ങിലും ബാറ്റിംഗിലും പൂർണ ആധിപത്യം തന്നെയായിരുന്നു ഇന്ത്യ നടത്തിയിരുന്നത്. ഇതോടെ മൂന്ന് ടി-20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇന്ത്യ 1-0 ത്തിന് മുന്നിൽ നിൽക്കുകയാണ്.

പാകിസ്ഥാൻ ടീമിനെ തോൽപിച്ച ബംഗ്ലാദേശ് ടീം തന്നെ ആണോ ഇത് എന്ന് ചോദിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരമായ ബാസിത് അലി. മത്സരത്തിലെ ബംഗ്ലാദേശിന്റെ മോശമായ പ്രകടനത്തെ വിമർശിച്ച് കൊണ്ടും, ഇന്ത്യൻ താരങ്ങളുടെ മികവിനെ വാനോളം പുകഴ്ത്തിയും അദ്ദേഹം സംസാരിച്ചു.

ബാസിത് അലി പറയുന്നത് ഇങ്ങനെ:

” സത്യാവസ്ഥ എന്താണെന്ന് വെച്ചാൽ ഇന്ത്യക്ക് ഒരു ഇരയല്ലാത്ത ടീം ആണ് ബംഗ്ലാദേശ്. അടുത്ത മത്സരം കൂടെ ഇന്ത്യ വിജയിച്ചാൽ അവസാനത്തെ ടി-20 മത്സരത്തിന് വേണ്ടി ഇന്ത്യയ്ക്ക് ചെറിയ പിള്ളേരെ വെച്ച് കളിപ്പിക്കാം. പാകിസ്താനെ വൈറ്റ് വാഷ് ചെയ്യ്ത ബംഗ്ലാദേശ് ടീം തന്നെയാണോ ഇത് എന്ന എനിക്ക് ഇപ്പോൾ സംശയമാണ്”

ബാസിത് അലി തുടർന്നു:

” ടെസ്റ്റ് സീരീസിൽ നിങ്ങൾ കണ്ടതല്ലേ അവർ എത്ര മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചതെന്ന്. മഴയ്ക്ക് പോലും പാകിസ്ഥാൻ ടീമിനെ രക്ഷിക്കാനായില്ല. എന്നാൽ പാകിസ്ഥാൻ അല്ല ഇന്ത്യ. ആദ്യ ടി-20 കൊണ്ട് അവർക്ക് അത് മനസിലായി കാണും. ടീമിലെ പ്രധാന താരങ്ങളായ ശുഭമന് ഗിൽ, ജയ്‌സ്വാൾ, പന്ത് എന്നിവർ പോലും കളിക്കാൻ ഉണ്ടായിരുന്നില്ല. എന്നിട്ടും ബംഗ്ലാദേശ് പരാജയപെട്ടു” ബാസിത് അലി പറഞ്ഞു.

Read more