"ഇന്ത്യയെ തകർക്കുന്നത് ബിസിസിഐ ആണ്, ഓരോ സമയത്തും പുതിയ പരീക്ഷണവുമായി വരും"; തുറന്നടിച്ച് ഹർഭജൻ സിങ്

ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ പരാജയത്തെക്കുറിച്ച് സംസാരിച്ച് ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. തങ്ങള്‍ക്ക് അനുകൂലമായ പിച്ച് ഒരുക്കിയിട്ടും ഇന്ത്യ മത്സരത്തില്‍ പരാജയപ്പെട്ടത് തന്ത്രമറിഞ്ഞ് ടീമിനെ സജ്ജമാക്കാത്തതിലെ പിഴവാണെന്ന് ഹര്‍ഭജന്‍ പറഞ്ഞു.

ആദ്യ ടെസ്റ്റ് മത്സരം തോറ്റതിന് കാരണം ടോസ്സിൽ വന്ന പിഴവാണ് എന്നാണ് ടീം മാനേജ്‌മന്റ് നൽകിയ വിശദീകരണം. എന്നാൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് അനുയോജ്യമായ സ്പിൻ പിച്ച് സജ്ജമാക്കിയിട്ടും അവർ പരാജയപെട്ടു. ഹോം മാച്ചുകളിൽ ബിസിസിഐ വളരെ മോശമായി തന്നെയാണ് ഇടപെടുന്നത് എന്നാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ് അഭിപ്രായപ്പെടുന്നത്.

ഹർഭജൻ സിങ് പറയുന്നത് ഇങ്ങനെ:

“കഴിഞ്ഞ 10 വര്‍ഷത്തെ ട്രെന്‍ഡിലേക്കു ഒന്നു നോക്കൂ. ടോസ് നേടിയ ശേഷം ബാറ്റ് ചെയ്ത് 300 റണ്‍സ് സ്‌കോര്‍ ചെയ്താല്‍ നമുക്കു കളി നിയന്ത്രിക്കാം എന്ന പ്രതീക്ഷയില്‍ നമ്മള്‍ കൂടൂതലായും ടേണിങ് ട്രാക്കുകളിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ നമ്മള്‍ മറുഭാഗത്താണോ വരികയെന്നു നമുക്കറിയില്ല”

ഹർഭജൻ സിങ് തുടർന്നു:

“ഈ ടേണിങ് ട്രാക്കുകളില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വരുമ്പോള്‍ നമ്മുടെ ബാറ്റര്‍മാരുടെ ആത്മവിശ്വാസം വളരെയധികം തകരുകയും ചെയ്യും. ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ് അജിങ്ക്യ രഹാനെ. വളരെ മികച്ചൊരു താരമായിരുന്നു അദ്ദേഹം. പക്ഷെ രഹാനെയുടെ കരിയര്‍ ഇല്ലാതെ ആയതു ഈ തരത്തിലുള്ള പിച്ചുകള്‍ ബിസിസിഐ തയ്യാറാക്കിയതു കൊണ്ട് മാത്രമാണ്” ഹർഭജൻ സിങ് പറഞ്ഞു.