12 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ടീമായി ന്യൂസിലന്‍ഡ് ചരിത്രം സൃഷ്ടിച്ചു. അവര്‍ ആദ്യം ബെംഗളൂരുവിലും പിന്നീട് പൂനെയില്‍ നടന്ന രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കി. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിന് ബാറ്റിലും പന്തിലും ശോഭിക്കാനായില്ല. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഫൈനൽ സാധ്യതയുടെ കാര്യം ആശങ്കയിലായി. ഇനിയുള്ള 6 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 4 എണ്ണത്തിൽ വിജയിക്കണം. എന്നാൽ മാത്രമേ ഫൈനലിലേക്കുള്ള ടിക്കറ്റ് ഇന്ത്യക്ക് ഉറപ്പാക്കാൻ സാധിക്കൂ.
ഇന്ത്യയുടെ പ്രധാന ബോളറായ ജസ്പ്രീത്ത് ബുമ്രയ്ക്ക് വിശ്രമം നൽകണമെന്ന് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. ഇപ്പോൾ നടന്ന രണ്ട് ടെസ്റ്റിലും ബുമ്രയ്ക്ക് കാര്യമായ വിക്കറ്റുകൾ ഒന്നും നേടാൻ സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഫോം ടീമിൽ നിർണായകമായ ഘടകമാണ്.
നവംബർ 22 ആം തിയതി മുതലാണ് ഓസ്‌ട്രേലിയയായിട്ടുള്ള പരമ്പര ആരംഭിക്കുന്നത്. അതിന് മുൻപായി ന്യുസിലാൻഡുമായുള്ള അവസാന ടെസ്റ്റ് മത്സരത്തിൽ ബുമ്രയ്ക്ക് വിശ്രമം അനിവാര്യമാണെന്നും ഇല്ലെങ്കിൽ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നും ദിനേശ് കാർത്തിക് വ്യക്തമാക്കി.