ബാറ്റിംഗ് ഫോം നഷ്ടപ്പെട്ട് വലയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് പിന്തുണയുമായി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്‌സ്. വിരാട് യന്ത്രമല്ല മനുഷ്യനാണെന്ന് റോഡ്‌സ് പറഞ്ഞു.
വിരാട് കോഹ്ലി റണ്‍സ് സ്‌കോര്‍ ചെയ്യുന്നത് കാണാനാണ് ഏവരും ഇഷ്ടപ്പെടുന്നത്. എന്നാല്‍ വിരാട് ഒരു മനുഷ്യനാണ്, അല്ലാതെ യന്ത്രമല്ല. വികാരങ്ങള്‍ തുറന്ന പ്രകടിപ്പിക്കുന്ന വ്യക്തിയാണ് അയാള്‍. ബാറ്റ് ചെയ്യുമ്പോള്‍ എതിരാളികളെ വിരാട് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് നമുക്ക് അറിയാം. പ്രതിയോഗികളുടെ നേര്‍ക്കുനേര്‍ നിന്ന് പെരുമാറുന്നതാണ് വിരാടിന്റെ രീതി. കോഹ്ലിയുടെ കാര്യത്തില്‍ അല്‍പ്പം ക്ഷമ കാട്ടണം. അയാള്‍ എന്താണോ ചെയ്തിരുന്നത് അത് ചെയ്യാന്‍ അനുവദിക്കണം- പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കി അഭിമുഖത്തില്‍ റോഡ്‌സ് പറഞ്ഞു.
ട്വന്റി20 ലോക കപ്പില്‍ ജസ്പ്രീത് ബുംറയുടെയും രോഹിത് ശര്‍മ്മയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണായകമാകും. എതിര്‍ ബാറ്റര്‍മാര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ബുംറയ്ക്ക് സാധിക്കും. കൡയുടെ തലവര മാറ്റാന്‍ കഴിയുന്ന പേസറാണ് ബുംറ. ബാറ്റിംഗില്‍ രോഹിതിനാണ് പ്രധാന റോള്‍. പവര്‍പ്ലേയില്‍ വളരെ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിവുള്ളയാളാണ് രോഹിത്. ഫിനിഷറുടെ ദൗത്യം നിര്‍വ്വഹിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ ബാറ്റര്‍മാരില്‍ പ്രധാന കണ്ണിയാകുമെന്നും റോഡ്‌സ് പറഞ്ഞു.