ട്വന്റി20 ലോക കപ്പില്‍ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ച്ചവച്ച പാകിസ്ഥാന്‍ പേസര്‍ ഹസന്‍ അലിയെ വിമര്‍ശിച്ച് മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്. ഹസന്‍ അലിയുടെ റണ്ണപ്പില്‍ പ്രശ്‌നമുണ്ടെന്നും അതാണ് താരം ലോക കപ്പില്‍ ധാരാളം നോബോളുകള്‍ എറിയാന്‍ കാരണമെന്നും ബട്ട് പറഞ്ഞു.
ലോക കപ്പില്‍ ഹസന്‍ അലി പല തവണ നോബോള്‍ എറിഞ്ഞു. ഒരു ചുവട് പിന്നില്‍ നിന്ന് ഹസന്‍ അലി റണ്ണപ്പ് തുടങ്ങണം. ബോളിംഗ് ക്രീസിന്റെ മുന്നിലെ ലൈനിന് ഒരു ചുവട് പിന്നില്‍ നിന്ന് പന്തെറിയുന്നതായിരുന്നു നല്ലത്. എന്നാല്‍ ഹസന്‍ അലി അങ്ങനെ ചെയ്തില്ല. അതിന്റെ ഫലം അയാള്‍ അനുഭവിച്ചു- ബട്ട് പറഞ്ഞു.
റിവേഴ്‌സ് സ്വിംഗ് ലഭിക്കുമ്പോള്‍ ഹസന്‍ അലി മികച്ച ബോളറാണ്. എന്നാല്‍ ലോക കപ്പില്‍ അങ്ങനെ സംഭവിച്ചില്ല. ബാറ്റര്‍ സിക്‌സ് അടിക്കുമ്പോള്‍ പന്ത് സാനിറ്റൈസ് ചെയ്യുമായിരുന്നു. ബോളിന്റെ വരണ്ട സ്വഭാവം നഷ്ടപ്പെടാന്‍ അതു കാരണമായി. അതാവാം അലിക്ക് പ്രശ്‌നം സൃഷ്ടിച്ചതെന്നും ബട്ട് നിരീക്ഷിച്ചു.