നവംബർ 22 ആം തിയതി മുതലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ ഗവാസ്കർ ട്രോഫി നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഹാട്രിക്ക് ജയം തേടിയാണ് ഇന്ത്യ ഇത്തവണ തയ്യാറെടുക്കുന്നത്. എന്നാൽ കഴിഞ്ഞ തവണ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയെ തോൽപിക്കാൻ സാധിച്ചില്ല. അടുത്ത വർഷം നടക്കാൻ പോകുന്ന WTC ഫൈനലിലേക്കുള്ള നിർണായക മത്സരമാണ് ബോർഡർ ഗവാസ്കർ ട്രോഫി.
ഇത്തവണ ഓസ്‌ട്രേലിയ ഗംഭീര തയ്യാറെടുപ്പുകളോടെയാണ് ഇന്ത്യയെ നേരിടാൻ വരുന്നത്. ഇന്ത്യയുടെ പ്രധാന തുറുപ്പ് ചീട്ടുകളാണ് വിരാട് കോഹ്ലി, രോഹിത്ത് ശർമ്മ, ജസ്പ്രീത് ബുമ്ര, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ. എന്നാൽ പരമ്പരയ്ക്ക് ഓസ്‌ട്രേലിയ ഏറ്റവും കൂടുതൽ ഭയക്കുന്ന താരങ്ങൾ ഇവരാരുമല്ല എന്നാണ് മുൻ പാകിസ്ഥാൻ താരമായ ബാസിത് അലി അവകാശപ്പെടുന്നത്.
ബാസിത് അലി പറയുന്നത് ഇങ്ങനെ:
“ഓസ്‌ട്രേലിയ ബുദ്ധിപരമായിട്ടാണ് മത്സരം കളിക്കുന്നത്. തീർച്ചയായും അവർ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവരെ ഭയാകുന്നുണ്ട്. പക്ഷെ ഓസ്‌ട്രേലിയ ഏറ്റവും കൂടുതൽ ഭയക്കുന്നത് ഇവരാരെയും അല്ല, അത് ഋഷഭ പന്തിനെയാണ്. ഇപ്പോൾ അദ്ദേഹം തകർപ്പൻ ഫോമിലാണ് ഉള്ളത്, മാത്രമല്ല ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കുമ്പോൾ അദ്ദേഹത്തിന് ഭ്രാന്താണ്. അത് കൊണ്ട് ഇത്തവണ അവർ ടാർഗറ്റ് ചെയുന്നത് പന്തിനെ തന്നെയാണ്. അതാണ് അവരുടെ ബുദ്ധി. ഓസ്‌ട്രേലിയ ചിന്തിക്കുന്ന പ്രശ്നം വേറെ എന്നാൽ പ്രകടിപ്പിക്കുന്ന പ്രശ്നങ്ങൾ വേറെ. അതാണ് അവരുടെ ഗെയിം” ബാസിത് അലി പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് പട്ടികയിൽ ഇന്ത്യ ആണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും. കഴിഞ്ഞ വർഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും, ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യയുടെ കിരീട പ്രതീക്ഷകളെ തകർത്തെറിഞ്ഞവരായിരുന്നു അവർ. അത് കൊണ്ട് ഇത്തവണ ഇന്ത്യ രണ്ടും കൽപ്പിച്ചാണ് ഇറങ്ങുന്നത്.