ഐപിഎല്ലിലെ അവസാന മത്സരങ്ങളില്‍ നിന്ന് വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ഒഴിവാക്കിയതിന് കാരണം പറഞ്ഞ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അസിസ്റ്റന്റ് കോച്ച് ബ്രാഡ് ഹാഡിന്‍. ടി20 ലോക കപ്പില്‍ റണ്‍വേട്ട നടത്തിയ വാര്‍ണര്‍ പ്ലേയര്‍ ഓഫ് ദ ടൂര്‍ണമെന്റായി വിമര്‍ശകരുടെ വായടപ്പിച്ച പശ്ചാത്തലത്തിലാണ് ഹാഡിന്റെ പ്രതികരണം.
വാര്‍ണര്‍ ഫോം ഔട്ടായിരുന്നില്ല. എന്നാല്‍ വാര്‍ണര്‍ക്ക് മത്സരപരിചയത്തിന്റെ കുറവുണ്ടായിരുന്നു. ബംഗ്ലാദേശിലും വെസ്റ്റിന്‍ഡീസിലും ഓസ്‌ട്രേലിയക്കായി വാര്‍ണര്‍ കളിച്ചിരുന്നില്ല. എങ്കിലും നെറ്റ്‌സില്‍ അയാള്‍ നന്നായി ഹിറ്റ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ, സാഹചര്യങ്ങള്‍ കോച്ചിംഗ് സ്റ്റാഫിന്റെ നിയന്ത്രണത്തില്‍ നിന്ന് കൈവിട്ടിരുന്നു. ക്രിക്കറ്റ് കളത്തിലെ കാര്യവുമായി ബന്ധപ്പെട്ടല്ല വാര്‍ണറെ മാറ്റി നിര്‍ത്തിയത്- ഹാഡിന്‍ പറഞ്ഞു.
വാര്‍ണര്‍ക്ക് അല്‍പ്പം കൂടി മത്സര സമയം വേണ്ടിയിരുന്നു. ക്രീസില്‍ അല്‍പ്പം സമയം ചെലവിട്ട് താളം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യമേയുണ്ടായിരുന്നുള്ളൂ. ലോക കപ്പ് പുരോഗമിച്ചപ്പോള്‍ അതു കാണാന്‍ സാധിച്ചു. താളം വീണ്ടെടുത്ത വാര്‍ണര്‍ തനതു കേളീശൈലിയിലേക്ക് തിരിച്ചു വന്നതായും ഹാഡിന്‍ കൂട്ടിച്ചേര്‍ത്തു.