ഇന്ത്യൻ ടീം ക്യാപ്റ്റനായ രോഹിത്ത് ശർമ്മയെ അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎൽ മെഗാ താരലേലത്തിൽ നോട്ടമിട്ടിരിക്കുന്നത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. നിലവിൽ ഐപിഎൽ റീടെൻഷനിൽ ബെംഗളൂരു വിരാട് കൊഹ്‌ലിയെ നിലനിർത്തും എന്നത് ഉറപ്പാണ്. എന്നാൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ആരെയും പരിഗണിച്ചിട്ടില്ല. രോഹിത്ത് വന്നാൽ അദ്ദേഹത്തിന് നായക സ്ഥാനം നൽകും എന്നത് ഉറപ്പാണ്. അതിനെ കുറിച്ച് മുഹമ്മദ് കൈഫ് സംസാരിച്ചു.
മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ:
“റോയൽ ചലഞ്ചേഴ്സിൽ രോഹിത് ശർമയ്ക്ക് നായകനാകാൻ കഴിയും. ഒരുപക്ഷേ വലിയ സ്കോറുകൾ കണ്ടെത്താൻ രോഹിത്തിന് കഴിഞ്ഞേക്കില്ല. 40 അല്ലെങ്കിൽ 50 റൺസാവും അയാൾക്ക് നേടാൻ കഴിയുക. പക്ഷേ ഒരു ടീമിനെ എങ്ങനെ നയിക്കണമെന്ന് രോഹിത് ശർമയ്ക്ക് അറിയാം. അത് കൊണ്ട് റോയൽ ചലഞ്ചേഴ്‌സ് രോഹിതിനെ രണ്ടും കല്പിച്ച് സ്വന്തമാക്കാൻ ശ്രമിക്കും” മുഹമ്മദ് കൈഫ് പറഞ്ഞു.
കഴിഞ്ഞ വർഷം നായകനായി ഹാർദിക് പാണ്ട്യയെ ആയിരുന്നു മുംബൈ ഇന്ത്യൻസ് നിയമിച്ചിരുന്നത്. അതിൽ ആരാധക രോക്ഷം വളരെ വലുതായിരുന്നു. അതിന് ശേഷമാണ് രോഹിത് അടുത്ത വർഷം നടക്കാൻ പോകുന്ന മെഗാ താരലേലത്തിൽ പങ്കെടുക്കും എന്ന റിപ്പോട്ടുകൾ വന്നത്. ഐപിഎൽ റീടെൻഷൻ താരങ്ങൾ ആരൊക്കെയാണ് എന്ന് ഈ മാസം അവസാനത്തോടെ ടീമുകൾ പ്രഖ്യാപിക്കണം എന്നാണ് ബിസിസിയുടെ ഉത്തരവ്.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന് ഇത്രയും വർഷങ്ങളായി ഒരു ഐപിഎൽ ട്രോഫി പോലും ഉയർത്താൻ സാധിച്ചിട്ടില്ല. എല്ലാ വർഷവും ഐപിഎലിൽ തകർപ്പൻ പ്രകടനങ്ങൾ ടീം കാഴ്ച വെക്കാറുണ്ടെങ്കിലും അവസാനം അവർ കാലിടറി വീഴാറാണ് പതിവ്. അടുത്ത തവണ രോഹിത്ത് ശർമ്മയെ ടീം സ്വന്തമാക്കിയാൽ ടീമിന് കപ്പ് നേടാൻ സാധിക്കും എന്നത് ഉറപ്പാണ്.