ഇന്നലെ ഗ്വാളിയോറിലെ ന്യൂ മാധവ്‌റാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടി-20യിൽ അവരെ 7 വിക്കറ്റിന് പരാജയപ്പെടുത്തി ഗംഭീര വിജയം സ്വന്തമാക്കി ഇന്ത്യ. ബോളിങ്ങിലും ബാറ്റിംഗിലും പൂർണ ആധിപത്യം തന്നെയായിരുന്നു ഇന്ത്യ നടത്തിയിരുന്നത്. ഇതോടെ മൂന്ന് ടി-20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇന്ത്യ 1-0 ത്തിന് മുന്നിൽ നിൽക്കുകയാണ്.
മോശമായ പ്രകടനമാണ് ബംഗ്ലാദേശ് താരങ്ങൾ നടത്തിയത്. ടെസ്റ്റ് ഫോർമാറ്റിൽ തോറ്റതിന് ടി-20 പരമ്പരയിൽ കണക്ക് തീർക്കുമെന്നാണ് ക്യാപ്റ്റൻ നജ്മുൽ ഷാന്റോ നേരത്തെ പ്രസ്താവിച്ചിരുന്നത്. മത്സരത്തിൽ തോൽവി ഏറ്റു വാങ്ങിയതിന് ശേഷം നജ്മുൽ ഷാന്റോ സംസാരിച്ചു.
നജ്മുൽ ഹൊസൈൻ ഷാന്റോ പറയുന്നത് ഇങ്ങനെ:
” ഞങ്ങൾക്ക് മികച്ച പ്രകടനം നടത്താനുള്ള കെല്പുണ്ട്. കഴിഞ്ഞ 10 വർഷമായി ഞങ്ങൾ ഇത് തന്നെയാണ് ചെയ്യുന്നത്. ചില സമയത്ത് അത് മോശമായി സംഭവിക്കാറുണ്ട്. ഞങ്ങൾക്ക് ഇനി കുറച്ച് മാറ്റങ്ങൾ വരുത്താനുണ്ട്. ഞങ്ങൾ 140-150 എന്ന നിലയിൽ ബാറ്റ് ചെയ്യും എന്നാൽ ഞങ്ങൾക്ക് 180 വരെ എത്താൻ പാടാണ്. അത് മോശമായത് കൊണ്ടല്ല ഞങ്ങളുടെ മെന്റൽ സ്റ്റെബിലിറ്റി കൂടെ അതിനെ ബാധിക്കുന്നത് കൊണ്ടാണ്”
നജ്മുൽ ഹൊസൈൻ ഷാന്റോ തുടർന്നു:
” ഞങ്ങൾ ഇന്നലെ മോശമായി കളിച്ചു എന്ന് ഞാൻ പറയില്ല. ഞങ്ങൾ മികച്ചതായി തന്നെ ആണ് കളിച്ചത്. ഈ ഫോർമാറ്റിൽ കുറെ നാളുകൾക്ക് ശേഷമാണ് കളിക്കുന്നത്. അതിന്റെ കുഴപ്പം ആണ്. ഞങ്ങൾ ഒരു മോശമായ ടീം ആണെന്ന് ഒരിക്കലും കരുതുന്നില്ല. ഞാൻ ആരുടെയും പേരുകൾ എടുത്ത് പറയുന്നില്ല എന്നാൽ ഇന്നത്തെ ഞങ്ങളുടെ ബാറ്റിംഗ് യൂണിറ്റ് മോശമായിരുന്നു. ചില സമയത്ത് നമ്മൾ മികച്ച ബാറ്റസ്സ്മാന്മാരെ തിരഞ്ഞെടുക്കണം. ഞങ്ങൾ ശക്തമായി തന്നെ തിരിച്ച് വരും” നജ്മുൽ ഹൊസൈൻ ഷാന്റോ പറഞ്ഞു.