"ഗംഭീർ സംസാരിക്കുന്നത് ഒന്ന്, പ്രവർത്തിക്കുന്നത് മറ്റൊന്ന്, ദയവ് ചെയ്ത് വാർത്താസമ്മേളനത്തിൽ അയക്കരുത്"; രൂക്ഷ വിമർശനവുമായി സഞ്ജയ് മഞ്ജരേക്കര്‍

ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കര്‍. ഓസ്‌ട്രേലിയൻ പര്യടനത്തിന് പോകുന്നതിന് മുൻപുള്ള വാർത്ത സമ്മേളനത്തിൽ ഗംഭീർ പറയുന്നത് ശരിയായ കാര്യങ്ങളല്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത് ഇങ്ങനെ:

“ഗംഭീറിന്റെ വാര്‍ത്താസമ്മേളനം ഇപ്പോള്‍ കണ്ടതേയുള്ളൂ. വാര്‍ത്താസമ്മേളനങ്ങളില്‍ സംസാരിക്കുന്നതുപോലുള്ള ചുമതലകള്‍ ഗംഭീറിന് നല്‍കാതിരിക്കുന്നതാവും ബിസിസിഐയ്ക്ക് നല്ലത്. ഗംഭീര്‍ തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതാണ് നല്ലത്. മാധ്യമങ്ങളുമായി ഇടപഴകുമ്പോള്‍ അദ്ദേഹം ശരിയായ പെരുമാറ്റമോ വാക്കുകളോ സ്വീകരിക്കാറില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ രോഹിത് ശര്‍മയും അജിത് അഗാര്‍ക്കറുമാണ് നല്ലത്” സഞ്ജയ് മഞ്ജരേക്കര്‍ ട്വിറ്ററിൽ കുറിച്ചു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ടിക്കറ്റ് ഇന്ത്യക്ക് ലഭിക്കണമെങ്കിൽ ഓസ്‌ട്രേലിയയ്ക്കെതിരെ നാല് ടെസ്റ്റ് മത്സരങ്ങൾ വിജയിക്കണം. ന്യുസിലാൻഡിനെതിരെയുള്ള പരമ്പരയിൽ നാണംകെട്ട തോൽവിയാണ് ഇന്ത്യ ഏറ്റു വാങ്ങിയത്. പരിശീലകനായ ഗംഭീറിന് തന്റെ സ്ഥാനം നഷ്ടപ്പെടാതെ ഇരിക്കാൻ വേണ്ടി ഈ പരമ്പരയിലെ വിജയം അനിവാര്യമാണ്. നവംബർ 22 ആം തിയതി മുതലാണ് ബോർഡർ ഗവാസ്കർ ട്രോഫി ആരംഭിക്കുന്നത്.

Read more