ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇറങ്ങി തുടര്‍ച്ചയായി മത്സരത്തിന് അലോസരം സൃഷ്ടിക്കുന്ന ജാര്‍വോയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്‍. ലോര്‍ഡ്‌സിലും ലീഡ്‌സിലും ഗ്രൗണ്ടില്‍ അതിക്രമിച്ചു കയറിയ ഡാനിയല്‍ ജാര്‍വിസ് (ജാര്‍വോ)കളിക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് അശ്വിന്റെ പ്രതികരണം.
‘ഇങ്ങനെ ചെയ്യുന്നത് അവസാനിപ്പിക്കൂ ജാര്‍വോ’- മൂന്നാം ദിനത്തിലെ കളിയെ വിലയിരുത്തിയുള്ള ട്വീറ്റില്‍ അശ്വിന്‍ ആവശ്യപ്പെട്ടു. രോഹിതും പുജാരയും വിരാടും തിളങ്ങിയ ദിവസത്തെ കളി നല്ലതായിരുന്നെന്നും അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു.
ലോര്‍ഡ്‌സ് ടെസ്റ്റിനിടെ ഇന്ത്യയെ ഫീല്‍ഡിംഗില്‍ സഹായിക്കാനെന്ന് പറഞ്ഞാണ് ജാര്‍വോ കളത്തിലിറങ്ങിയത്. ലീഡ്‌സില്‍ രോഹിത് ശര്‍മ്മ പുറത്തായതിനു പിന്നാലെ ബാറ്റിംഗ് പാഡും സര്‍ജിക്കല്‍ മാസ്‌കുമെല്ലാം ധരിച്ച് ജാര്‍വോ ഗ്രൗണ്ടിലേക്കെത്തി. രണ്ടു തവണയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പണിപ്പെട്ടാണ് ജാര്‍വോയെ കളത്തിന് പുറത്താക്കിയത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് തുടര്‍ച്ചയായി ഭീഷണി സൃഷ്ടിക്കുന്ന ജാര്‍വോയെ ഹെഡിങ്‌ലിയിലെ ഗാലറിയില്‍ നിന്ന് ആജീവനാന്തം വിലക്കാനും പിഴയീടാക്കാനും തീരുമാനമായിട്ടുണ്ട്.