"റിസ്ക്ക് എടുക്കൂ, 100 റണിന് പുറത്തായാലും സാരമില്ല"; അറം പറ്റിയ പറച്ചിലായി പോയല്ലോ ഗംഭീർ ചേട്ടാ

“അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനം ടെസ്റ്റിൽ കളിക്കണം, അങ്ങനെ കളിച്ച് 100 റണിന് പുറത്തായാലും സാരമില്ല” എന്ന് ഗൗതം ഗംഭീർ പറഞ്ഞ വാക്കുകൾ അറം പറ്റിയിരിക്കുകയാണ്. ഇന്ത്യൻ പിച്ചിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്കോർ എന്നെ റെക്കോഡ് ഇനി ഇന്ത്യക്ക് സ്വന്തം. ഇപ്പോൾ നടക്കുന്ന ന്യുസിലാൻഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ നാണം കേട്ട അവസ്ഥയിലൂടെയാണ് ഇന്ത്യൻ താരങ്ങൾ ഇപ്പോൾ കടന്നു പോകുന്നത്. 46 റൺസിനാണ് ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചത്. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോറാണ് ഇത്.

ഇന്ത്യയുടെ ആദ്യ ഇന്നിങ്സിൽ കിവി ബോളർമാർ സാഹചര്യം നന്നായി മുതലെടുത്ത് പന്തെറിഞ്ഞപ്പോൾ 2 റൺ എടുത്ത രോഹിത്തിന്റെ വിക്കറ്റാണ് നഷ്ടമായത്. തൊട്ടുപിന്നാലെ 8 വർഷത്തിന് ശേഷം മൂന്നാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങിയ കോഹ്‌ലി റൺ ഒന്നും എടുക്കാതെ മടങ്ങിയപ്പോൾ സർഫ്രാസും പൂജ്യനായി തന്നെ മടങ്ങി. ശേഷം ജയ്‌സ്വാളും പന്തും ചേർന്ന് ഇന്ത്യയെ രക്ഷിക്കുമെന്ന് തോന്നിച്ചെങ്കിലും 13 റൺ എടുത്ത് ജയ്‌സ്വാൾ മടങ്ങിയതോടെയാ പ്രതീക്ഷയും പോയി.

തൊട്ടുപിന്നാലെ ക്രീസിൽ എത്തിയ രാഹുലും അതിന് ശേഷം എത്തിയ ജഡേജയും പൂജ്യനായി മടങ്ങി. ലഞ്ച് ബ്രേക്ക് ഇടവേളക്ക് ശേഷമെത്തിയപ്പോൾ ആദ്യ പന്തിൽ തന്നെ അശ്വിനും പൂജ്യനായി മടങ്ങി. ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയം നേടിയ ഇന്ത്യ തന്നെയാണോ ഇത് എന്നാണ് ആരാധകർ ചോദിക്കുന്ന ചോദ്യം. മുൻ പരിശീലകനെക്കാൾ മികച്ച പരിശീലകനാകാൻ ശ്രമിക്കുക എങ്കിലും ചെയ്യണം എന്ന വിമർശനം ഗൗതം ഗംഭീറിന് നേരെയും ഉയരുന്നുണ്ട്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ കിവി ബാറ്റ്‌സ്മാന്മാർ തകർപ്പൻ പ്രകടനമാണ് ഇപ്പോൾ നടത്തുന്നത്. ടോം ലതാം 15 റൺസും ഡെവോൺ കോൺവെ 65* വിൽ യങ് 17* എന്നിവർ സ്ഥിരതയാർന്ന ഇന്നിങ്സ് കാഴ്ച വെച്ച് ലീഡ് ഉയർത്തിയിരിക്കുകയാണ്. നിലവിൽ ന്യുസിലാൻഡ് 98-1 എന്ന നിലയിലാണ് നിൽക്കുന്നത്.

Read more