ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഐപിഎല്ലില്‍ 130 കിലോ മീറ്റര്‍ വേഗത്തിലെ പന്തുകള്‍ മാത്രമേ നേരിട്ടിട്ടുള്ളൂവെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരവും പാക് കോച്ചിംഗ് സ്റ്റാഫുമായ മാത്യൂ ഹെയ്ഡന്‍. അതാണ് ഷഹീന്‍ അഫ്രീദിയുടെ പന്തുകള്‍ ഇന്ത്യക്ക് പ്രശ്‌നം സൃഷ്ടിച്ചതെന്നും ഹെയ്ഡന്‍ പറഞ്ഞു.
ഐപിഎല്ലിനിടെ 130 കിലോ മീറ്റര്‍ വേഗത്തിലെ പന്തുകളാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ കളിച്ചത്. ഷഹീന്‍ അഫ്രീദിയെ പോലെ വേഗമുള്ള ഒരു ബോളറെ നേരിടാന്‍ അതുപോര. കഴിഞ്ഞ അഞ്ചാഴ്ചയ്ക്കിടെ ഞാന്‍ കണ്ട ഏറ്റവും മികച്ച രണ്ട് പന്തുകളായിരുന്നു അവ രണ്ടും. രോഹിത് ശര്‍മ്മയ്‌ക്കെതിരെ ന്യൂബോളില്‍ വേഗമുള്ള ഇന്‍സ്വിംഗിംഗ് യോര്‍ക്കര്‍ എറിയാന്‍ അഫ്രീദി കാട്ടിയ ധൈര്യം അഭിനന്ദനീയം- ഹെയ്ഡന്‍ പറഞ്ഞു.
ട്വന്റി20 ലോക കപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്റെ വിധി നിര്‍ണയിച്ചത് ഷഹീന്‍ അഫ്രീദിയുടെ പേസ് ബോളിംഗാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയെയും കെ.എല്‍.രാഹുലിനെയും പുറത്താക്കിയ അഫ്രീദി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ വിക്കറ്റും പോക്കറ്റിലാക്കിയിരുന്നു.