"ശുഭ്മൻ ഗില്ലിനെ പ്രിൻസ് ഓഫ് ഇന്ത്യൻ ക്രിക്കറ്റ് എന്ന് ഞങ്ങൾ ചുമ്മാ വിളിക്കുന്നതല്ല"; തുറന്നടിച്ച് ആകാശ് ചോപ്ര

ഇന്ത്യൻ ടീമിലെ യുവ താരങ്ങളിൽ പ്രധാനിയായ താരമാണ് ശുഭ്മൻ ഗിൽ. വിരാട് കോഹ്‌ലിക്ക് ശേഷം ഇന്ത്യൻ ടീമിനെ ഉയരങ്ങളിൽ എത്തിക്കാൻ കെല്പുള്ള താരമാണ് അദ്ദേഹം. ലോക ക്രിക്കറ്റ് ആരാധകർ ശുഭ്മൻ ഗില്ലിനെ പ്രിൻസ് ഓഫ് ഇന്ത്യൻ ക്രിക്കറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇപ്പോൾ നടന്ന ബംഗ്ലാദേശ് പര്യടനത്തിൽ ആദ്യ ഇന്നിങ്സിൽ പൂജ്യത്തിനാണ് ഗിൽ പുറത്തായത്.

ആ സമയത്ത് അദ്ദേഹത്തെ വിമർശിച്ച് ഒരുപാട് പേർ രംഗത്തും എത്തിയിരുന്നു. എന്നാൽ അതിനുള്ള മറുപടി അദ്ദേഹം അടുത്ത ഇന്നിങ്സിൽ നൽകി. 176 പന്തുകളിൽ 119 റൺസ് ആണ് അദ്ദേഹം നേടിയത്. ഇനി നടക്കാൻ പോകുന്ന രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിലും ശുഭ്മൻ ഗിൽ സ്ഥിരസാന്നിധ്യം ആയിരിക്കും എന്നത് ഉറപ്പാണ്. ശുഭ്മൻ ഗില്ലിനെ പ്രിൻസ് എന്ന് വിളിക്കുന്നത് എന്തിനാണെന്ന് ചോദിച്ച് കൊണ്ട് ഒരുപാട് ആരാധകർ രംഗത്ത് എത്തിയിരുന്നു. അതിനെ കുറിച്ച് ക്രിക്കറ്റ് കമന്റേറ്റർ ആയ ആകാശ് ചോപ്ര സംസാരിച്ചിരിക്കുകയാണ്.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

” ഇന്ത്യയ്ക്ക് വേണ്ടി കൂടുതൽ സെഞ്ചുറികൾ ഈ ദശകത്തിൽ നേടിയിട്ടുള്ള വ്യക്തി ആരാണ്? 114 ഇന്നിങ്‌സുകളിൽ നിന്നായി ശുഭ്മൻ ഗിൽ 12 സെഞ്ചുറികൾ നേടിയിട്ടുണ്ട്. അദ്ദേഹത്തെ പകരം വെക്കാൻ ആർക്കും സാധിക്കില്ല. രോഹിത്ത് ശർമ്മ ഈ ദശകത്തിൽ 148 ഇന്നിങ്‌സുകൾ കളിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം 10 സെഞ്ചുറികളാണ് നേടിയിരിക്കുന്നത്. കൂടാതെ വിരാട് കോഹ്ലി 149 ഇന്നിങ്‌സുകളിൽ നിന്നും 10 സെഞ്ചുറികളും നേടി. അവരെ നമുക്ക് GOAT എന്ന് വിശേഷിപ്പിക്കാം. ശുഭ്മൻ ഗിൽ 12 സെഞ്ചുറികൾ നേടിയത് കൊണ്ട് അദ്ദേഹത്തിനെ ഞങ്ങൾ പ്രിൻസ് എന്ന് വിളിക്കുന്നത് ചുമ്മാതെയല്ല” ആകാശ് ചോപ്ര പറഞ്ഞു.

ടെസ്റ്റിൽ ഗംഭീര തിരിച്ച് വരവ് നടത്തിയത് പോലെ ടി-20, ഏകദിന ഫോർമാറ്റുകളിൽ അദ്ദേഹത്തിന്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ഇന്ത്യൻ ആരാധകർ. സെപ്റ്റംബർ 27 ആം തിയതിയാണ് ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ അവസാന ടെസ്റ്റ് മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

Read more