"ഞങ്ങൾ തോറ്റതിന് കാരണം ആ ഒരു പിഴവ് കൊണ്ട് മാത്രമാണ്"; തോൽവിയുടെ കാരണം വ്യക്തമാക്കി ബംഗ്ലാദേശ് ക്യാപ്റ്റൻ

ഇന്നലെ ഗ്വാളിയോറിലെ ന്യൂ മാധവ്‌റാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടി-20യിൽ അവരെ 7 വിക്കറ്റിന് പരാജയപ്പെടുത്തി ഗംഭീര വിജയം സ്വന്തമാക്കി ഇന്ത്യ. ബോളിങ്ങിലും ബാറ്റിംഗിലും പൂർണ ആധിപത്യം തന്നെയായിരുന്നു ഇന്ത്യ നടത്തിയിരുന്നത്. ഇതോടെ മൂന്ന് ടി-20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇന്ത്യ 1-0 ത്തിന് മുന്നിൽ നിൽക്കുകയാണ്. ടീമിന് വേണ്ടി ടോപ് ബാറ്റിംഗ് പ്രകടനം നടത്തിയ താരങ്ങളിൽ മുൻപിൽ നിൽക്കുന്നത് ഓൾ റൗണ്ടർ ഹാർദിക്‌ പാണ്ഡ്യായാണ്. 16 പന്തുകളിൽ 5 ഫോറും 2 സിക്സറുകളുമടക്കം 39 റൺസ് ആണ് അദ്ദേഹം നേടിയത്.

കൂടാതെ സഞ്ജു സാംസൺ (19 പന്തിൽ 29 റൺസ്), ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് (14 പന്തിൽ 29 റൺസ്), നിതീഷ് കുമാർ (15 പന്തിൽ 16 റൺസ്) ഓപണർ അഭിഷേക് ശർമ്മ (7 പന്തിൽ 16 റൺസ്), എന്നിവരുടെ മികവിലാണ് ഇന്ത്യ വിജയം കണ്ടെത്തിയത്. ബോളിങ് യൂണിറ്റിൽ അർശ്ദീപ് സിങ് (3.5 ഓവറിൽ 3 വിക്കറ്റുകൾ), വരുൺ ചക്രവർത്തി(4 ഓവറിൽ 3 വിക്കറ്റുകൾ), വാഷിംഗ്‌ടൺ സുന്ദർ, മായങ്ക് യാദവ്, ഹാർദിക്‌ പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.

മോശമായ പ്രകടനമാണ് ബംഗ്ലാദേശ് താരങ്ങൾ നടത്തിയത്. ടെസ്റ്റ് ഫോർമാറ്റിൽ തോറ്റതിന് ടി-20 പരമ്പരയിൽ കണക്ക് തീർക്കുമെന്നാണ് ക്യാപ്റ്റൻ നജ്മുൽ ഷാന്റോ നേരത്തെ പ്രസ്താവിച്ചിരുന്നത്. എന്നാൽ ഇന്നലെ നടന്ന മത്സരത്തിലെ തോൽവിക്ക് കാരണം വെളിപ്പെടുത്തി സംസാരിച്ചിരിക്കുകയാണ് താരം.

നജ്മുൽ ഷാന്റോ പറയുന്നത് ഇങ്ങനെ:

“ഈ മല്‍സരത്തില്‍ ഞങ്ങള്‍ നന്നായി തുടങ്ങിയില്ലെന്നാണ് ഞാന്‍ കരുതുന്നത്. ടി20യില്‍ ആദ്യത്തെ ആറോവറുകള്‍ ഏറെ പ്രധാനപ്പെട്ടതാണ്. പക്ഷെ ഞങ്ങള്‍ക്കു നന്നായി ചെയ്യാന്‍ കഴിഞ്ഞില്ല. പോസിറ്റീവ് ക്രിക്കറ്റ് കളിക്കുകയെന്നതായിരുന്നു നേരത്തേയുള്ള പ്ലാന്‍. പക്ഷെ വ്യക്തമായ പ്ലാന്‍ ഇല്ലാത്ത തരത്തിലായിരുന്നു കളിക്കളത്തില്‍ ഞങ്ങള്‍ കാണപ്പൈട്ടത്. അടുത്ത മല്‍സരത്തില്‍ കൃത്യമായ ഒരു പ്ലാന്‍ ഞങ്ങള്‍ തയ്യാറാക്കേണ്ടത് ആവശ്യമാണ്” നജ്മുൽ ഷാന്റോ പറഞ്ഞു.