IPL 2025: ധോണിയെ തൊട്ട് കളിക്കരുത്, എട്ടിന്റെ പണി കിട്ടും, ലൈവിനിടെ മുന്നറിയിപ്പ് നല്‍കി ആര്‍ അശ്വിന്‍, അന്ത ഭയം ഇരുക്കട്ടും എന്ന് ആരാധകര്‍

രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും കഴിഞ്ഞ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറിയ താരമായിരുന്നു ആര്‍ അശ്വിന്‍. ചെന്നൈ 9.75 കോടിക്കാണ് അശ്വിനെ ടീമില്‍ എത്തിച്ചിരുന്നത്. എന്നാല്‍ ഇംപാക്ടുളള ഒരു ബോളിങ് പ്രകടനം താരത്തില്‍ നിന്നും ഇതുവരെയുണ്ടായിട്ടില്ല. ഐപിഎല്‍ സമയത്ത് തന്നെ തന്റെ യൂടൂബ് ചാനലിലും ആക്ടീവ് ആകാറുണ്ട് അശ്വിന്‍. ക്രിക്കറ്റ് വിശകലനവും മറ്റ് ചര്‍ച്ചകളുമെല്ലാം തന്നെ മിക്ക ദിവസങ്ങളിലും ചെന്നൈ താരത്തിന്റെ ചാനലില്‍ വരാറുണ്ട്. അടുത്തിടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ യൂടൂബ് ചാനലില്‍ വിമര്‍ശിച്ചതിന് അശ്വിന് ടീം മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

ഇതിന് പിന്നാലെ തന്റെ കണ്ടന്റുകളില്‍ ചെന്നൈ ടീമിനെ കുറിച്ചും താരങ്ങളെ കുറിച്ചും സംസാരിക്കുന്നതില്‍ അശ്വിന്‍ ഒരു അകലം പാലിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു വീഡിയോയില്‍ അശ്വിനൊപ്പം ചര്‍ച്ചയില്‍ ഉണ്ടായിരുന്ന ഫിറ്റ്‌നസ് ട്രെയിനര്‍ രാജാമണി ചെന്നൈയെ കുറിച്ചും ധോണിയെ കുറിച്ചും മനസുതുറക്കുകയുണ്ടായി. എന്നാല്‍ ആ സമയം തന്നെ ഇടപെട്ട് ധോണിയെ കുറിച്ച് സംസാരിക്കുന്നതില്‍ നിന്നും രാജാമണിയെ വിലക്കുകയായിരുന്നു അശ്വിന്‍.

അശ്വിനെ പുകഴ്ത്തികൊണ്ടായിരുന്നു രാജാമണി ചര്‍ച്ചയില്‍ സംസാരിച്ചുതുടങ്ങിയത്. “തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ അശ്വിന്‍ നയിച്ച ടീം വിജയിച്ചു. നേതൃത്വം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, എംഎസ് ധോണി പോലെയുളളവര്‍. ധോണി അവസാന മത്സരത്തില്‍ എങ്ങനെയാണ് കളിച്ചത് എന്ന് നമ്മള്‍ കണ്ടു”, രാജാമണി ഇത്രയും പറഞ്ഞപ്പോഴാണ് അതില്‍ ഇടപെട്ട് അശ്വിന്‍ സംസാരിച്ചത്. അത് ഇവിടെ പറയേണ്ട കാര്യമില്ലെന്ന് അശ്വിന്‍ പ്രതികരിച്ചപ്പോള്‍ എന്നാല്‍ അശ്വിന് മാത്രം പറയാതിരുന്നാല്‍ മതിയെന്നും തനിക്ക് അതിന് വിലക്കില്ലെന്നും രാജാമണി പറഞ്ഞു.

എന്നാല്‍ നമ്മള്‍ ഏത് ടീമിലാണോ, അതിനെ കുറിച്ച് ചര്‍ച്ച വേണ്ടെന്ന് അശ്വിന്‍ രാജാമണിയോട് വീണ്ടും പറയുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ മത്സരങ്ങളെ കുറിച്ചുളള ചര്‍ച്ചകളും വിശകലനങ്ങളും ഇനി മുതല്‍ തന്റെ ചാനലില്‍ ഉണ്ടാവില്ലെന്ന് അടുത്തിടെയാണ് അശ്വിന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നത്.

Read more