ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ പുണെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ മറ്റൊരു നവാഗതരായ ലക്നൗ സൂപ്പർ ജയന്റ്സിനെ 62 റൺസിനു തോൽപ്പിച്ചിരുന്നു. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 144 റൺസ്. ലക്നൗവിന്റെ മറുപടി 13.5 ഓവറിൽ 82 റൺസിൽ അവസാനിച്ചിരുന്നു. മത്സരശേഷം ലക്നൗ പരിശീലകൻ ഗൗതം ഗംഭീർ താരങ്ങളോട് സംസാരിക്കുന്ന വിഡിയോയാണ് വൈറൽ ആയിരിക്കുന്നത്.
തോൽക്കുന്നതിൽ തെറ്റില്ല. ഇത് തികച്ചും നല്ലതാണ്. ഒരു ടീം ജയിക്കണം ഒരു ടീം തോൽക്കണം. എന്നാൽ പൊരുതാൻ പോലും ശ്രമിക്കത്തെ തോൽക്കുന്നതിൽ തെറ്റുണ്ട് . ഇന്ന് നമ്മൾ തളർന്നവരെ പോലെയും ദുർബലരെ പോലെയും തോന്നിപ്പിച്ചു,,” എൽഎസ്ജി അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ഗംഭീർ പറഞ്ഞു.
“സത്യസന്ധമായി പറഞ്ഞാൽ, ഐപിഎൽ പോലുള്ള ഒരു ടൂർണമെന്റിലോ സ്‌പോർട്‌സിലോ ദുർബ്ബലരായിരിക്കാൻ പറ്റില്ല. അവിടെയാണ് പ്രശ്‌നം. ഈ ടൂർണമെന്റിൽ എത്രയോ നല്ല ടീമുകളെ നമ്മൾ തോൽപ്പിച്ചു, പക്ഷെ ഇന്ന് നമുക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല.” ഗംഭീർ പറഞ്ഞു.
ഇന്നലത്തെ തോൽവിയിൽ അസ്വസ്ഥനായ ഗംഭീറിനെയാണ് കണ്ടത്. പഴയ ചൂടൻ ഗംഭീർ ശൈലി വിഡിയോയിൽ കാണാമായിരുന്നു.