കൊല്‍ക്കത്തയ്‌ക്കെതിരായ മിന്നുംജയത്തില്‍ മുംബൈ ഇന്ത്യന്‍സിന് ഏറെ നിര്‍ണായകമായത് സ്പിന്നര്‍ രാഹുല്‍ ചഹാറിന്റെ മികവുറ്റ പ്രകടനമായിരുന്നു. മത്സരത്തില്‍ കൊല്‍ക്കത്തയുടെ നാല് മുന്‍നിര വിക്കറ്റാണ് മത്സരത്തില്‍ ചഹാര്‍ വീഴ്ത്തിയത്. നായകന്‍ രോഹിത് ശര്‍മ്മയുടെ ഉപദേശമാണ് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ തനിക്ക് പ്രചോദനമായതെന്ന് രാഹുല്‍ പറഞ്ഞു.
“ആത്മവിശ്വാസത്തോടെ പന്തെറിയണം എന്നാണ് രോഹിത് ആദ്യമേ പറഞ്ഞത്. കാരണം പലപ്പോഴും എനിക്ക് നിന്റെ പന്തുകള്‍ വായിക്കാന്‍ സാധിക്കാറില്ല. പിന്നെ അവര്‍ക്കെങ്ങനെ കഴിയുമെന്ന് രോഹിത് എന്നോട് പറഞ്ഞു. ശ്രദ്ധ കൊടുത്ത് ശരിയായ ലെംഗ്ത്തില്‍ എറിയാനും നിര്‍ദ്ദേശിച്ചു. സ്പിന്നര്‍മാരാണ് ഈ കളിയുടെ ഗതി തിരിക്കുക എന്ന് എനിക്ക് അറിയാമായിരുന്നു. എനിക്ക് സാധിക്കും എന്ന ആത്മവിശ്വാസം എനിക്കുണ്ടായി.”
“മത്സരത്തില്‍ രാഹുല്‍ ത്രിപതിയുടെ വിക്കറ്റാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. അത് നന്നായി ടേണ്‍ ചെയ്തു. ലെഗ് സ്പിന്നര്‍ എന്ന നിലയില്‍ അതുപോലെ ടേണ്‍ ആണ് ആഗ്രഹിക്കുന്നത്. ക്രുണാല്‍ പാണ്ഡ്യയും നന്നായി പന്തെറിഞ്ഞു. അധികം റണ്‍സ് വഴങ്ങിയില്ല. ഇതുപോലുള്ള വിക്കറ്റാണ് ലഭിക്കുന്നത് എങ്കില്‍ പ്രധാന റോള്‍ ഞങ്ങളുടേതാണ്” രാഹുല്‍ ചഹാര്‍ പറഞ്ഞു.
ചെന്നൈയില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയെ 10 റണ്‍സിനാണ് മുംബൈ പരാജയപ്പെടുത്തിയത്. മുംബൈ മുന്നോട്ടുവെച്ച 153 റണ്‍സിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ 142 റണ്‍സെടുക്കാനെ ആയുള്ളു.