ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ തോല്‍വിയോടെ രാജസ്ഥാന്‍ റോയല്‍സ് തോല്‍വിയുടെ പടുക്കുഴിയില്‍ അകപ്പെട്ടിരിക്കുകയാണ്. ഏഴ് മത്സരങ്ങളില്‍ രണ്ട് ജയം മാത്രം നേടിയ ആര്‍ആര്‍ ടീം അഞ്ച് തോല്‍വിയാണ് ഇത്തവണ വഴങ്ങിയത്. ഡല്‍ഹിക്കെതിരെ അനായാസം ജയിക്കാമായിരുന്ന കളി സൂപ്പര്‍ ഓവര്‍ വരെ എത്തിച്ച് തോറ്റതില്‍ വലിയ നിരാശയിലാണ് ക്യാപ്റ്റന്‍ സഞ്ജു അടക്കമുളള ടീമംഗങ്ങള്‍. മത്സരശേഷം സഞ്ജുവിന്റെ മുഖത്ത് ഇത് കാര്യമായി പ്രകടമായിരുന്നു. കളിയിലെ ചില തെറ്റായ തീരുമാനങ്ങളാണ് രാജസ്ഥാന് വീണ്ടും ജയം ഇല്ലാതാക്കിയത്. രാഹുല്‍ ദ്രാവിഡ് ടീമംഗങ്ങളോട് സംസാരിക്കവേ അത് ഗൗനിക്കാതെ സഞ്ജു നടന്നുപോവുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
ഇതിന് പിന്നാലെ സഞ്ജുവും ദ്രാവിഡും തമ്മില്‍ ഭിന്നത ഉണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനെല്ലാം ഒടുവില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ കോച്ച്. ഇത്തരം അഭ്യൂഹങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ദ്രാവിഡ് തുറന്നുപറഞ്ഞത്. ഒരു തെറ്റിദ്ധാരണയോ പ്രശ്‌നമോ ഞങ്ങള്‍ക്കിടയില്‍ ഇല്ലെന്നും ഒരു യൂണിറ്റ് എന്ന നിലയില്‍ ഐപിഎല്‍ കാംപെയ്‌നില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നെന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി. കൂടാതെ സഞ്ജുവും താനും ഒരേ നിലപാടില്‍ തന്നെയെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
Read more
അതേസമയം സഞ്ജുവിന്റെ ആരോഗ്യനിലയെ കുറിച്ചും ദ്രാവിഡ് പ്രതികരിച്ചു. “സഞ്ജുവിന് മത്സരത്തിനിടെ വയറിന്റെ ഒരു വശത്തായി വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ഇതിന് സ്‌കാനുകള്‍ എടുത്തു. ഇന്ന് അദ്ദേഹം ചില സ്‌കാനുകള്‍ കൂടി ചെയ്തു. അതിനാല്‍ ഈ സ്‌കാനുകളുടെ ഫലങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. സ്‌കാനുകളെ കുറിച്ചും. പരിക്കിന്റെ തീവ്രതയെ കുറിച്ചും കുറച്ചുകൂടി വ്യക്തത ലഭിച്ചുകഴിഞ്ഞാല്‍ ഉചിതമായ തീരുമാനം എടുക്കും. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം”, ദ്രാവിഡ് വ്യക്തമാക്കി.