തൻ്റെ ജീവിതം സിനിമ ആകുന്നതിനെക്കുറിച്ച് നടക്കുന്ന പ്രചാരണങ്ങൾക്ക് ഇടയിൽ രാഹുൽ ദ്രാവിഡ് അതുമായി ബന്ധപെട്ടുപറഞ്ഞ ഒരു നർമ്മം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. നല്ല പണം കിട്ടിയാൽ താൻ തന്നെ തന്റെ സിനിമയിൽ തന്റെ റോൾ അഭിനയിക്കുമെന്ന് മുൻ ഇന്ത്യൻ താരം പറഞ്ഞു.
ബുധനാഴ്ച നടന്ന സിയറ്റ് ക്രിക്കറ്റ് അവാർഡ് വേളയിൽ, രാഹുൽ ദ്രാവിഡ് ഒരു ചോദ്യോത്തര സെഷനുവേണ്ടി വന്നു. അവിടെ ബയോപിക്കിൽ തൻ്റെ വേഷം ചെയ്യാൻ ആഗ്രഹിക്കുന്ന നടനെക്കുറിച്ച് ചോദിച്ചു. രസകരമായ രീതിയിൽ നല്ല പോലെ പണം കിട്ടിയാൽ സ്‌ക്രീനിൽ സ്വയം അവതരിപ്പിക്കാൻ തയ്യാറാണെന്ന് മറുപടി നൽകി.
രാഹുൽ ദ്രാവിഡ് തൻ്റെ സജീവമായ കരിയറിൽ മികച്ച ബാറ്റർമാരിൽ ഒരാളായിരുന്നുവെങ്കിലും ലോകകപ്പിൽ വിജയം ആസ്വദിക്കാനായില്ല. എന്നിരുന്നാലും, ഇന്ത്യൻ ടീമിൻ്റെ പരിശീലകനെന്ന നിലയിൽ ടി20 ലോകകപ്പ് ട്രോഫി അദ്ദേഹം ഉയർത്തി. ബാർബഡോസിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിനാണ് മെൻ ഇൻ ബ്ലൂ പരാജയപ്പെടുത്തിയത്. ഈ വിജയം ഐസിസി ട്രോഫിക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമമിട്ടു.
164 ടെസ്റ്റുകളിൽ നിന്ന് 13,288 റൺസും 344 ഏകദിനങ്ങളിൽ നിന്ന് 10,889 റൺസും ദ്രാവിഡ് നേടിയിട്ടുണ്ട്. തൻ്റെ ഫസ്റ്റ് ക്ലാസ് കരിയറിൽ 298 മത്സരങ്ങളിൽ നിന്ന് 23,794 റൺസാണ് അദ്ദേഹം നേടിയത്. 2007 ഏകദിന ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് ടീം പുറത്താകുമ്പോൾ അദ്ദേഹം ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു. എംഎസ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീൻ, മിതാലി രാജ് എന്നിവരുടെ ജീവിതകഥകൾ ഇതിനോടകം തിയേറ്ററുകളിലെത്തി.
ഇന്ത്യൻ പ്രീമിയർ ലീഗ് 2025-ൽ രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിലേക്ക് ചേക്കേറാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. അദ്ദേഹം മുമ്പ് ഫ്രാഞ്ചൈസിയിൽ കളിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.