RCB VS RR: ഹോംഗ്രൗണ്ടില്‍ ആര്‍സിബി സ്ഥിരമായി തോല്‍ക്കാന്‍ കാരണം അതാണ്, എന്റെ കയ്യില്‍ നില്‍ക്കുന്ന കാര്യമല്ലത്, വെളിപ്പെടുത്തി നായകന്‍ രജത് പാട്ടിധാര്‍

ഐപിഎലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരമാണ്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. ഹോം ഗ്രൗണ്ടില്‍ ഇതുവരെ ഈ സീസണില്‍ ജയിച്ചിട്ടില്ലെന്ന ആരാധകരുടെ പരാതി തീര്‍ക്കാനാണ് ആര്‍സിബിയുടെ വരവ്. അതേസമയം തുടര്‍ച്ചയായ തോല്‍വികളില്‍ നിന്നും വിജയവഴിയില്‍ തിരിച്ചെത്താനുളള അവസരമാണ് ഇന്ന് രാജസ്ഥാന്. നിലവില്‍ എട്ട് കളികളില്‍ അഞ്ച് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ പത്ത് പോയിന്റോടെ നാലാം സ്ഥാനത്താണ് ആര്‍സിബി. ഇത്രയും മത്സരങ്ങളില്‍ രണ്ട് ജയവും ആറ് തോല്‍വിയും ഉള്‍പ്പെടെ നാല് പോയിന്റോടെ രാജസ്ഥാന്‍ അവസാന സ്ഥാനക്കാരായും നില്‍ക്കുന്നു.

മൂന്ന് ഹോം മാച്ച് മത്സരങ്ങളാണ് ഇത്തവണ ആര്‍സിബി തോറ്റത്. അതേസമയം ഹോംഗ്രൗണ്ടായ ചിന്നസ്വാമിയില്‍ വച്ചുളള ആര്‍സിബിയുടെ മോശം പ്രകടനത്തെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് നായകന്‍ രജത് പാട്ടിധാര്‍. ഹോം മാച്ചുകളില്‍ ഇതുവരെ ഞങ്ങള്‍ നല്ല ക്രിക്കറ്റല്ല കളിച്ചതെന്ന് പാട്ടിധാര്‍ പറയുന്നു. ടോസിനെ കുറിച്ച് പറയുകയാണെങ്കില്‍ അത് എന്റെ കയ്യില്‍ നില്‍ക്കുന്ന കാര്യമല്ല. നമുക്ക് നോക്കാം. ഇത്തവണ പിച്ച് അല്‍പം ബുദ്ധിമുട്ടുളളതും പ്രവചനാതീതവുമാണ്.

ടോസ് തോറ്റാല്‍ പകുതി പോരാട്ടം നഷ്ടമായി എന്നല്ല. കാരണം ടോസ് ഞങ്ങളുടെ നിയന്ത്രണത്തിലല്ല. എന്നാല്‍ ഒരു കളിക്കാരന്‍ എന്ന നിലയില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നാല്‍ അത്തരമൊരു മത്സരത്തില്‍ കഴിയുന്നത്ര മികച്ചത് ചെയ്യാന്‍ നിങ്ങള്‍ എപ്പോഴും ശ്രമിക്കും. അതുകൊണ്ട് ടോസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ആ വശത്താണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more