ഐപിഎലില്‍ പഞ്ചാബ് കിങ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം പുരോഗമിക്കുകയാണ്. ആദ്യ ബാറ്റിങ്ങില്‍ തുടരെ വിക്കറ്റുകള്‍ നഷ്ടമായ പഞ്ചാബ് 111 റണ്‍സിനാണ് ഇന്ന് ഓള്‍ഔട്ടായത്. ഓപ്പണിങ് ബാറ്റര്‍മാരായ പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ് ഒഴികെ ഒറ്റ പഞ്ചാബ് ബാറ്റര്‍മാര്‍ പോലും ഇന്ന് ടീം സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കിയില്ല. 30 റണ്‍സെടുത്ത പ്രഭ്‌സിമ്രാനാണ് ടോപ് സ്‌കോറര്‍. പവര്‍പ്ലേ ഓവറുകള്‍ കഴിയുന്നതിന് മുന്‍പ് നാല് വിക്കറ്റുകളാണ് ഇന്ന് പഞ്ചാബിന് നഷ്ടമായത്. ഹര്‍ഷിത് റാണയാണ് പഞ്ചാബ് ബാറ്റര്‍മാരെ ഒന്നൊന്നായി പവലിയനിലേക്ക് മടക്കിയത്. ഹര്‍ഷിതിന്റെ പന്തില്‍ രമണ്‍ദീപ് സിങ് ക്യാച്ചെടുത്താണ് പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ്, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഇന്ന് പുറത്തായത്.
മൂന്ന് പേരെയും കിടിലന്‍ ക്യാച്ചിലൂടെയാണ് രമണ്‍ദീപ് സിങ് മടക്കിയത്. ഇതില്‍ ശ്രേയസ് അയ്യരുടെതായി രമണ്‍ദീപ് എടുത്ത ക്യാച്ച് ശ്രദ്ധേയമായിരുന്നു. നേരിട്ട രണ്ടാം പന്തില്‍ തന്നെ ബൗണ്ടറിക്കായി ശ്രമിച്ചപ്പോഴാണ് പഞ്ചാബ് ക്യാപ്റ്റന്‍ ഔട്ടായത്. ടോപ് ഓര്‍ഡര്‍ നിരാശപ്പെടുത്തിയപ്പോള്‍ പഞ്ചാബിന്റെ മധ്യനിര ബാറ്റര്‍മാരും ഇന്ന് അവസരത്തിനൊത്ത് ഉയര്‍ന്നില്ല. ജോഷ് ഇംഗ്ലിസ്, നേഹാല്‍ വധേര, മാക്‌സ്വെല്‍ ഉള്‍പ്പെടെയുളള താരങ്ങള്‍ എല്ലാം തന്നെ വളരെ പെട്ടെന്ന് പുറത്തായി മടങ്ങി. ശശാങ്ക് സിങ് 18 റണ്‍സെടുത്തു.
അതേസമയം മറുപടി ബാറ്റിങ്ങില്‍ നിലവില്‍ 69 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായ നിലയിലാണ് കൊല്‍ക്കത്ത, ക്വിന്റണ്‍ ഡികോക്ക്, സുനില്‍ നരെയ്ന്‍, അജിന്‍ക്യ രഹാനെ ഉള്‍പ്പെടെയുളളവരാണ് പുറത്തായത്. അങ്കരീഷ് രഘുവംശി, വെങ്കടേഷ് അയ്യര്‍ തുടങ്ങിയവരാണ് ക്രീസില്‍. പോയിന്റ് ടേബിളില്‍ മുകളിലെത്താന്‍ ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം വളരെ നിര്‍ണായകമാണ്.