രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ കേരളം മികച്ച നിലയില്‍. ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 388 റണ്‍സ് പിന്തുടരുന്ന കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെന്ന നിലയിലാണ്.
കേരളത്തിനായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണര്‍ രോഹന്‍ എസ്. കുന്നുമ്മല്‍ സെഞ്ച്വറി നേടി. 171 ബോള്‍ നേരിട്ട രോഹന്‍ നാല് സിക്‌സിന്റെയും 16 ഫോറിന്റെയും അകമ്പടിയില്‍ 129 റണ്‍സെടുത്തു. നായകന്‍ സച്ചിന്‍ ബേബി 53 റണ്‍സെടുത്തു.
പൊന്നന്‍ രാഹുല്‍ (44), ജലജ് സക്‌സേന (4) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. രാഹുലും രോഹനും ചേര്‍ന്ന് ഓപ്പണിങ്ങില്‍ 85 റണ്‍സ് ആണ് കണ്ടെത്തിയത്.
ഒന്നാം ഇന്നിംഗ്‌സില്‍ ഗുജറാത്ത് 388 റണ്‍സിന് ഓള്‍ഔട്ടായി. ആറു വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സുമായി രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഗുജറാത്തിന് 54 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച നാലു വിക്കറ്റും നഷ്ടമായി.
ഗുജറാത്ത് വിക്കറ്റ് കീപ്പര്‍ ഹേത് പട്ടേല്‍ 185 റണ്‍സെടുത്തു. 245 പന്തില്‍ 29 ഫോറും രണ്ടു സിക്‌സും സഹിതം പൊരുതിയ അവസാനമാണ് പുറത്തായത്. കരണ്‍ പട്ടേലും ഗുജറാത്തിനായി സെഞ്ച്വറി നേടിയിരുന്നു. 166 പന്തുകള്‍ നേരിട്ട കരണ്‍ 18 ഫോറും ഒരു സിക്‌സും സഹിതം 120 റണ്‍സാണെടുത്തു.