ലോക കപ്പ് നേടുന്നതുവരെ കാത്തിരിക്കാന്‍ വയ്യ; റാഷിദ് ഖാന്‍ വിവാഹിതനായി, ചിത്രങ്ങള്‍ വൈറല്‍

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ വിവാഹിതനായി. വിവാഹ ചടങ്ങ് ഒക്ടോബര്‍ 3 ന് കാബൂളില്‍ നടന്നു. വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്.

മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന റാഷിദ് തന്റെ വിവാഹത്തിന് പഷ്തൂണ്‍ ആചാരങ്ങള്‍ പാലിച്ചു. കനത്ത സുരക്ഷയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ക്ലിപ്പില്‍, വിവാഹ വേദിക്ക് പുറത്ത്, നിരവധി ആളുകള്‍ തോക്കുമായി കറങ്ങുന്നത് കാണാം. നിരവധി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു.

റാഷിദിന് ആശംസകള്‍ നേര്‍ന്ന് അഫ്ഗാന്‍ താരം മുഹമ്മദ് നബി വിവാഹത്തിന്റെ ചില ചിത്രങ്ങള്‍ പങ്കുവെച്ചു. അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് നേടിയ ശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന് നാല് വര്‍ഷം മുമ്പ് റാഷിദ് പ്രഖ്യാപിച്ചിരുന്നു.

നേരത്തെ, ആസാദി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്, അഫ്ഗാന്‍ ലോകകപ്പ് നേടിയ ശേഷം മാത്രമേ വിവാഹത്തെക്കുറിച്ച് ആലോചിക്കൂവെന്ന് റാഷിദ് ഖാന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നാല് വര്‍ഷത്തിന് ശേഷം താരമത് തിരുത്തിയിരിക്കുകയാണ്.

Read more