ബിസിസിഐയ്ക്കും ടീം ഇന്ത്യയ്ക്കുമെതിരെ ശാസ്ത്രി

ദക്ഷിണാഫ്രിക്കയില്‍ പരമ്പര തോറ്റതിന് പിന്നാലെ ബിസിസിഐയോടുളള അതൃപ്തി പരസ്യമാക്കി ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി. പരമ്പരയ്ക്ക് മുമ്പ് 10 ദിവസത്തെ പരിശീലനം എങ്കിലും ലഭിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ എന്ന് ശാസ്ത്രി പറയുന്നു.

തിരക്കേറിയ മത്സര ഷെഡ്യൂളുകള്‍ ടീം ഇന്ത്യയുടെ പ്രകടന മികവിനെ തകര്‍ക്കുന്നതായി ശാസ്ത്രി വിലയിരുത്തുന്നു. പരിശീലനത്തിന് വേണ്ട സമയം അനുവദിക്കാത്ത ബിസിസിഐയുടെ നടപടിയ്‌ക്കെതിരായ അതൃപതി നിറഞ്ഞുനില്‍ക്കുന്നതായിരുന്നു ശാസ്ത്രിയുടെ വാര്‍ത്ത സമ്മേളനം. പരിശീലനത്തിന് വേണ്ട സമയം ലഭിച്ചാല്‍ വിദേശത്ത് മികച്ച കളി പുറത്തെടുക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടുന്നു.

അതെസമയം ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെയും ശാസ്ത്രി തുറന്നടിച്ചു. ന്യുലാന്‍ഡ്സിലും സെഞ്ചൂറിയനിലും ഇന്ത്യന്‍ ബൗളിങ് നിര ശക്തമായിരുന്നു. എന്നാല്‍ കോഹ് ലിയുടെ 153 റണ്‍സും പാണ്ഡ്യയുടെ 93 റണ്‍സും മാറ്റി നിര്‍ത്തിയാല്‍ നമ്മുടെ ബാറ്റിങ് നിര പരാജയമായിരുന്നുവെന്ന് ശാസ്ത്രി ചൂണ്ടികാണിക്കുന്നു.

“പരിചിതമല്ലാത്ത ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങള്‍ ചൂണ്ടി ടീം ഇന്ത്യയ്ക്ക് ഒഴികഴിവുകള്‍ പറയാം. പക്ഷേ ലൂസ് ഷോട്ടുകള്‍ കളിച്ച്, പാര്‍ട്ണര്‍ഷിപ്പുകള്‍ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധിക്കാതെ, വിചിത്രമായ രീതിയില്‍ റണ്‍ ഔട്ടാകുന്ന താരങ്ങളെ മുന്നില്‍ നിര്‍ത്തി സാഹചര്യങ്ങളെ മാത്രം എങ്ങിനെ കുറ്റം പറയാന്‍ സാധിക്കും” ശാസ്ത്രി ചോദിക്കുന്നു.

പരമ്പരയിലെ മൂന്നാമത്തെ മത്സരം ഈ മാസം 24ന് ജൊഹന്നാസ് ബര്‍ഗിലാണ് നടക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ 72 റണ്‍സിനും രണ്ടാം മത്സരം 135 റണ്‍സുമാണ് തോറ്റത്. പരമ്പര വൈറ്റ് വാഷ് ചെയ്യപ്പെടാതിരിക്കാന്‍ അടുത്ത മത്സരം ടീം ഇന്ത്യയ്ക്ക് ജയിച്ചേ തീരു.