ഇന്ത്യന്‍ ടീമിന്റെ പുതിയ നായകന്‍ രോഹിത് ശര്‍മയും ടീം മാനേജ്‌മെന്റും നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളികള്‍ ചൂണ്ടിക്കാണിച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. പ്രധാനമായും ഇന്ത്യന്‍ ബോളിംഗ് നിരയുടെ കാര്യമാണ് ശാസ്ത്രി എടുത്തുപറയുന്നത്. ടീമിലെ മുന്‍നിര പേസര്‍മാര്‍ക്ക് പ്രായം കൂടുകയാണെന്നും അതിനാല്‍ അവരില്‍ നിന്ന് പഴയകാലത്തെ പോലെ പ്രകടനം എപ്പോഴും പ്രതീക്ഷിക്കാനാവില്ലെന്നും ശാസ്ത്രി വിലയിരുത്തി.
‘പേസ് ബോളര്‍മാര്‍ക്ക് പ്രായമേറുകയാണ്. അവരില്‍ നിന്ന് കഴിഞ്ഞ കാലങ്ങളിലെ പോലെ സമാന പ്രകടനങ്ങള്‍ പ്രതീക്ഷിക്കാന്‍ സാധിക്കുകയില്ല. യുവത്വവും പരിചയസമ്പത്തും കൂടിച്ചേര്‍ന്ന നിരയാണ് വേണ്ടത്. അതിനായി ഇപ്പോള്‍ തന്നെ യുവതാരങ്ങളെ പരിശീലിപ്പിച്ച് അവസരം നല്‍കി മുന്‍നിരയിലേക്ക് എത്തിക്കേണ്ടതുണ്ട്.’
‘ഏറ്റവും വലിയ വെല്ലുവിളി എന്നത്, 2023 ല്‍ കളിക്കാന്‍ കഴിയുന്ന അഞ്ച് മികച്ച ബോളര്‍മാരെ കണ്ടെത്തുക എന്നതാണ്. 2023 ലോക കപ്പിനെ സംബന്ധിച്ച് ഇന്ത്യയില്‍ അത് എളുപ്പമായിരിക്കും. കാരണം സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ്. പക്ഷെ വിദേശ രാജ്യങ്ങളില്‍ അത് എളുപ്പമാകില്ല. ഒരു ഒന്നര വര്‍ഷത്തേക്ക് കാര്യങ്ങള്‍ മുന്നോട്ട് പോകും. എന്നാല്‍ അതിന് ശേഷം പുതിയ താരങ്ങളെ കണ്ടെത്തേണ്ടതായി വരും’ ശാസ്ത്രി പറഞ്ഞു.
Read more
നിലവില്‍ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ് എന്നിവരാണ് ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍. ഇവര്‍ ഇനി എത്ര വര്‍ഷം കൂടി കളിക്കാനാകുമെന്നത് ഒരു പ്രധാന ചോദ്യമാണ്. മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍, നവ്ദീപ് സൈനി, ദീപക് ചഹാര്‍ തുടങ്ങിയവരാണ് പ്രധാന യുവനിര. ഇന്ത്യ പ്രതീക്ഷ വെച്ചിരുന്ന നടരാജന്‍ പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്താണ്.