ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ആര്‍സിബിയുടെ മധ്യനിര തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇന്നത്തെ മത്സരത്തില്‍ കാണാനായത്. ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍ ഒഴികെ മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. പാട്ടിധാറിന് പിന്നാലെ ഇറങ്ങുന്ന ലിയാം ലിവിങ്ങ്സ്റ്റണ്‍ ഈ സീസണില്‍ ഇതുവരെ ഇംപാക്ടുളള ഒരിന്നിങ്‌സ് പോലും കാഴ്ചവച്ചിട്ടില്ല. ഇന്നത്തെ മത്സരത്തില്‍ വെറും നാല് റണ്‍സ് മാത്രമെടുത്താണ് താരം പുറത്തായത്. ഡല്‍ഹിക്കെതിരെയും പരാജയമായതോടെ ലിവിങ്‌സ്റ്റണെ ഇനി ആര്‍സിബി ടീമില്‍ കളിപ്പിക്കരുതെന്ന് പറയുകയാണ് ആരാധകര്‍.
8.75 കോടിക്കാണ് ആര്‍സിബി മാനേജ്‌മെന്റ് ലിവിങ്‌സ്റ്റണെ ടീമിലെത്തിച്ചത്. എന്നാല്‍ രണ്ട് വിക്കറ്റുകള്‍ നേടിയതൊഴികെ ആര്‍സിബിക്കായി ബാറ്റിങ്ങില്‍ പരാജയമാണ് താരം. “ദയവായി ലിവിങ്സ്റ്റണെ ടീമില്‍ നിന്ന് പുറത്താക്കൂ. 50 റണ്‍സ് ഭാഗ്യംകൊണ്ട് ഒരിക്കല്‍ മാത്രം നേടിയ പ്ലെയറാണ് അവന്‍. അവന്‍ ടീമിലെ എറ്റവും ദുര്‍ബലനായ ബാറ്ററാണെന്ന് തെളിയിക്കാന്‍ ഇതില്‍ കൂടുതല്‍ തെളിവുകളുടെ ആവശ്യമില്ല, ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
“ലിവിങ്‌സ്റ്റണ്‍ പന്തിന്റെ കാര്യത്തില്‍ മികച്ചൊരു സ്‌ട്രൈക്കറാണ്. പക്ഷേ ആവശ്യമുളള സമയത്ത് വളരെ അപൂര്‍വമായേ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കാറുളളൂ. പ്രത്യേകിച്ച് ഐപിഎലില്‍. മുന്‍പ് പഞ്ചാബിനായും ഇത്തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം”, മറ്റൊരാള്‍ കുറിച്ചു. അതേസമയം 164 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ന് ഡിസിക്ക് ആര്‍സിബി നല്‍കിയത്. വിരാട് കോഹ്ലിയും ഫില്‍ സാള്‍ട്ടും ചേര്‍ന്നുളള ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് നല്‍കിയത്. തുടര്‍ന്ന് ക്യാപ്റ്റന്‍ രജത് പാട്ടിധാറും ടിംഡേവിഡും കത്തിക്കയറിയതോടെ ടീമിന് മികച്ച സ്‌കോര്‍ നേടാനായി.