ഐപിഎലില്‍ ഇന്ന് വീണ്ടും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു- പഞ്ചാബ് കിങ്‌സ് മത്സരമാണ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വച്ച് രണ്ട് ദിവസം മുന്‍പ് നടന്ന കളിയില്‍ ആര്‍സിബിയെ പഞ്ചാബ് തോല്‍പ്പിച്ചുവിട്ടിരുന്നു. 14 ഓവര്‍ കളിയില്‍ ബെംഗളൂരു ഉയര്‍ത്തിയ 96 റണ്‍സ് വിജയലക്ഷ്യം 12.1 ഓവറിലാണ് പഞ്ചാബ് മറികടന്നത്. അന്നത്തെ തോല്‍വിക്ക് പകരം വീട്ടാനുളള ഒരവസരമാണ് ആര്‍സിബിക്ക് ഇന്ന് കൈവന്നിരിക്കുന്നത്. അതേസമയം ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന ഒരു മാറ്റമാണ് ഇന്ന് ടീം ലൈനപ്പില്‍ ആര്‍സിബി വരുത്തിയിരിക്കുന്നത്. ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണെ ഒഴിവാക്കികൊണ്ടാണ് ബെംഗളൂരു ഇന്ന് ടീം പ്രഖ്യാപിച്ചത്.
ലിവിങ്സ്റ്റണ് പകരം മറ്റൊരു ഓള്‍റൗണ്ടറായ റൊമാരിയോ ഷെപ്പേര്‍ഡിനെയാണ് ആര്‍സിബി ഇന്ന് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ഈ സീസണില്‍ മുന്‍പ് നടന്ന എല്ലാ മത്സരങ്ങളിലും ലിവിങ്സ്റ്റണെ ആര്‍സിബി കളിപ്പിച്ചിരുന്നു. എന്നാല്‍ കൊടുത്ത കോടികള്‍ക്കുളള പ്രകടനമൊന്നും താരത്തില്‍ നിന്നുണ്ടായില്ല. ബാറ്റിങ്ങില്‍ അമ്പേ പരാജയമായിരുന്നു ഇത്തവണ ലിവിങ്സ്റ്റണ്‍. ടീമിനായി നിര്‍ണായ മത്സരങ്ങളില്‍ ഒന്നും തന്നെ കാര്യമായ പ്രകടനങ്ങളൊന്നും താരം നടത്തിയില്ല.
Read more
ലിവിങ്സ്റ്റണെ ഇനി ടീമില്‍ കളിപ്പിക്കരുതെന്ന് ആര്‍സിബി ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെട്ട കാര്യമാണ്. ഒടുവില്‍ ഇപ്പോഴാണ് ടീം മാനേജ്‌മെന്റ് ആ തീരുമാനമെടുത്തത്. അതേസമയം മറ്റ് കാര്യമായ മാറ്റങ്ങളൊന്നും ബെംഗളൂരു ഇന്നത്തെ മത്സരത്തില്‍ നടത്തിയിട്ടില്ല. നിലവില്‍ പോയിന്റ് പട്ടികയില്‍ പഞ്ചാബ് മൂന്നാമതും ആര്‍സിബി അഞ്ചാം സ്ഥാനത്തുമാണുളളത്. ഇന്നത്തെ മത്സരം രണ്ട് ടീമുകള്‍ക്കും നിര്‍ണായകമാണ്. പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കി നിലനിര്‍ത്താനാവും ഇരുടീമുകളും ശ്രമിക്കുക. പഞ്ചാബിന്റെ ഹോംഗ്രൗണ്ടായ ചണ്ഡീഗഢ് മുല്ലാന്‍പൂരില്‍ വച്ചാണ് ഇന്നത്തെ മത്സരം.