RCB UPDATES: തന്ത്രം രജതന്ത്രം, ഋഷഭ് പന്തിന്റെ അതെ ബുദ്ധി മറ്റൊരു രീതിയിൽ പ്രയോഗിച്ച് ക്രുണാൽ പാണ്ഡ്യ; കളിയിലെ ട്വിസ്റ്റ് പിറന്നത് അവിടെ

ഐപിഎല്ലിൽ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ 12 റൺസിന് തകർത്തെറിഞ്ഞ് ആർസിബി സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയിരിക്കുന്നു. തുടക്കത്തിൽ നല്ല രീതിയിൽ പ്രചാരം ഏറ്റുവാങ്ങിയെങ്കിലും 45 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യയുടെ പ്രകടനമാണ് ബാംഗ്ലൂരിന് കരുത്തായത്. ഇത് കൂടാതെ ആർ‌സി‌ബി പേസർമാരായ ജോഷ് ഹേസൽവുഡും ഭുവനേശ്വർ കുമാറും അവസാന ഓവറിലേക്ക് വന്നപ്പോൾ തങ്ങളുടെ പരിചയസമ്പത്ത് കാണിച്ചതും ടീമിന് ഗുണം ചെയ്തു. മുംബൈക്കായി തിലക് വർമ്മ (29 പന്തിൽ 56), ഹാർദിക് പാണ്ഡ്യ (15 പന്തിൽ 42) എന്നിവരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങൾക്കിടയിലും മുംബൈക്ക് വിജയവര കടക്കാൻ ആയില്ല. ഇരുവരുടെയും ബാറ്റിംഗ് മത്സരത്തിന്റെ അവസാനം വരെ ബാംഗ്ലൂരിനെ പേടിപ്പിച്ചു എന്നതും ശ്രദ്ധിക്കണം.

ബാംഗ്ലൂർ ഉയർത്തിയ കൂറ്റൻ ലക്‌ഷ്യം പിന്തുടരുമ്പോൾ കളി അതിന്റെ മധ്യഭാഗം പിന്നിട്ടപ്പോൾ തന്നെ മുംബൈ തോൽവി ഉറപ്പിച്ചത് ആയിരുന്നു. എന്നാൽ വിട്ടുകൊടുക്കാൻ തയാറാകാതെ പൊരുതിയ ഹാർദിക്- തിലക് വർമ്മ സഖ്യം മുംബൈക്ക് ജയ പ്രതീക്ഷ നൽകുക ആയിരുന്നു. കളിയുടെ 13-ാം ഓവർ മുതൽ മുംബൈ ഗിയർ മാറ്റി. അവിടെ അതുവരെ മികച്ച രീതിയിൽ പന്തെറിഞ്ഞ സുയാഷ്‌ ശർമ്മയുടെ ഓവറിൽ തിലക് 15 റൺ നേടി. ശേഷം ജോഷ് ഹേസൽവുഡിനെ ഹാർദിക് പാണ്ഡ്യ തലങ്ങും വിലങ്ങും പായിച്ചു. 2 ബൗണ്ടറികളും 2 സിക്സറുകളും സഹിതം 22 റൺസാണ് ഹാർദിക് ഈ ഓവറിൽ അടിച്ചെടുത്തത്. പിന്നാലെ 15-ാം ഓവറിൽ സഹോദരൻ ക്രുനാൽ പാണ്ഡ്യയെയും ഹാർദിക് വെള്ളം കുടിപ്പിച്ചു. രണ്ടാം പന്തും മൂന്നാം പന്തും സിക്സ് പറത്തിയ ഹാർദിക് കളി തിരിച്ചു. എന്നാൽ അവിടെയാണ് കളി മാറ്റി മറിച്ച ക്രുണാൽ ബ്രില്ലൻസ് പിറന്നത്.

ഏത് ബോളർ വന്നാലും അടിച്ച് പറത്തും എന്ന മൈൻഡിൽ കളിച്ച ഹർദിക്കിനെ പൂട്ടാൻ മറ്റൊരു വഴിയും ഇല്ലെന്ന് മനസിലാക്കിയ ക്രുണാൽ ഗെയിം സ്ലോ ആകാൻ സമയം എടുക്കാൻ തുടങ്ങി. നാലാം പന്തിൽ വൈഡ് എറിഞ്ഞ ചേട്ടൻ പാണ്ഡ്യ അടുത്ത പന്തലും അത് ആവർത്തിച്ചു. ശേഷം പന്തെറിയാൻ എത്തുന്നതിന് മുമ്പ് ഷൂ ലെയ്സ് കെട്ടാൻ സമയം എടുത്തു. നാലാം പന്തിൽ ഹാർദിക് ഒരു സിംഗിൾ എടുത്ത് അഞ്ചാം പന്തിൽ സ്ട്രൈക്ക് തിലകിന് കൈമാറി. രണ്ടും മൂന്നും പന്ത് എറിഞ്ഞ അതെ ഫ്ലോയിൽ ഹാർദിക് കളിച്ചിരുന്നെങ്കിൽ ആ ഓവറിൽ തന്നെ മത്സരം തീരുമാനം ആകുമായിരുന്നു. അതിനാൽ തന്നെ അവിടെ ഒരു മൈൻഡ് ഗെയിമിൽ ചേട്ടൻ പാണ്ഡ്യ ചെറുതായി ജയിച്ചെന്ന് പറയാം. പണ്ട് ടി 20 ലോകകപ്പിൽ ഹെൻറിച്ച് ക്ലാസൻ തകർത്തടിക്കുമ്പോൾ ഓവറിന് തൊട്ട് മുമ്പ് കാലിലെ പരിക്കിന്റെ ചികിത്സക്കായി സമയം എടുത്ത പന്ത് താരത്തിന്റെ ഫ്ലോ നശിപ്പിച്ചിരുന്നു. അതായിരുന്നു ആ ലോകകപ്പ് ഫൈനൽ നേടി തരുന്നതിൽ പങ്ക് വഹിച്ച ട്വിസ്റ്റ്.

ഹർദിക്കിനെ ജോഷ്, പുറത്താക്കിയ ശേഷം അവസാന ഓവറിൽ മികച്ച രീതിയിൽ എറിഞ്ഞ ക്രുണാൽ അവിടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ആകെ 4 – 45 എന്ന നിലയിൽ സ്പെൽ അവസാനിപ്പിച്ചു.