ഐപിഎലിൽ ഇന്ന് നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ റോയൽസ് ചലഞ്ചേഴ്‌സ് ബെംഗളുരുവിനു 7 വിക്കറ്റിന്റെ തകർപ്പൻ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 18.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ലക്ഷ്യത്തിലെത്തി. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ തോല്പിച്ചതിന്റെ മറുപടി പഞ്ചാബിന്റെ തട്ടകത്തിൽ ചെന്ന് ആർസിബി കൊടുത്തു എന്നുള്ളതാണ് ആരാധകരുടെ ആശ്വാസം.
ടി 20 യിൽ നിന്ന് വിരമിച്ച ഇന്ത്യൻ താരങ്ങൾ എല്ലാം ഐപിഎലിൽ ഫോം ഔട്ട് ആണെന്നാണ് പലരുടെയും അഭിപ്രായം. എന്നാൽ ഒരാളുടെ കാര്യത്തിൽ ആ അഭിപ്രായമല്ല ആർക്കും. തന്റെ പഴയ ഫോമിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് വിരാട് കോഹ്ലി തെളിയിക്കുകയാണ്. 54 പന്തിൽ 73 റൺസ് നേടി ആർസിബിക്കായി വിജയവാതിൽ അദ്ദേഹം തുറന്നു. കൂടാതെ ഐപിഎലിൽ ഏറ്റവും കൂടുതൽ 50 പ്ലസ് റൺസുകൾ നേടിയ ആദ്യ താരമായി മാറിയിരിക്കുകയാണ് അദ്ദേഹം.
Read more
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി പ്രിയാൻഷ് ആര്യ 15 പന്തിൽ 22, പ്രഭ്സിമ്രാൻ സിങ് 17 പന്തിൽ 33, ജോഷ് ഇൻഗ്ലീഷ് 17 പന്തിൽ 29, ശശാങ്ക് സിങ് 33 പന്തിൽ പുറത്താകാതെ 31, മാർകോ ജാൻസൻ 20 പന്തിൽ പുറത്താകാതെ 25 റൺസ് നേടിയതോടെയാണ് അവർക്ക് 157 എടുക്കാൻ സാധിച്ചത്. എന്നാൽ മറുപടി ബാറ്റിംഗിൽ ആർസിബിക്കായി വിരാട് കോഹ്ലി 73 റൺസും, ദേവദത്ത് പടിക്കൽ 61 റൺസും നേടി ടീമിനെ വിജയത്തിൽ എത്തിച്ചു.