പരിക്കിൽ നിന്ന് മോചനമായോ? ന്യൂസിലാൻഡുമായുള്ള മത്സരത്തിൽ രോഹിത് കളിച്ചേക്കുമെന്ന് സൂചന

ഞായറാഴ്ച പാകിസ്ഥാനെതിരായ വിജയത്തിനും രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം, ആദ്യ പരിശീലന സെഷനിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം തിരിച്ചെത്തിയപ്പോൾ എല്ലാ കണ്ണുകളും ക്യാപ്റ്റൻ രോഹിത് ശർമ്മയിൽ പതിഞ്ഞിരുന്നു. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അക്കാദമിയിൽ ഒത്തുകൂടിയ ഇന്ത്യൻ ടീം രണ്ട് മണിക്കൂറിലധികം പരിശീലനം നടത്തി.

ഫുട്ബോൾ കളിച്ചും, ഗ്രൗണ്ടിൽ ലാപ്‌സ് ചെയ്തും, ഷട്ടിൽ റണ്ണുകൾ ചെയ്തും കളിക്കാർ വാം-അപ്പ് ചെയ്ത സെഷന്റെ തുടക്കം മുതൽ, ക്യാപ്റ്റൻ രോഹിത് ശർമ്മയും കൂടെ ചേർന്നു. എന്നാൽ കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ നിന്ന് രോഹിത് വിട്ടുനിന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, സ്ട്രെങ്ത് & കണ്ടീഷനിംഗ് പരിശീലകൻ സോഹം ദേശായിയുടെ മേൽനോട്ടത്തിൽ രോഹിത് ജോഗിംഗ് ആരംഭിച്ചു. പാകിസ്ഥാനെതിരായ മത്സരത്തിൽ നായകന്റെ ഹാംസ്ട്രിംഗിന് ചെറിയൊരു പരിക്കേറ്റിരുന്നു.

പരിക്കിന്റെ പിടിയിലായ രോഹിത് ഞായറാഴ്ച നടക്കുന്ന ന്യൂസിലാൻഡുമായുള്ള മത്സരത്തിൽ കളിച്ചേക്കുമോ എന്ന ആശങ്കക്കിടയിലാണ് ആരാധകർ. എന്നാൽ പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് രോഹിത് ന്യൂസിലൻഡിനെ നേരിടുന്ന ഇലവനിൽ അണിനിരക്കും. മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ശ്രേയസ് അയ്യരോട് രോഹിതിന്റെ ഫിറ്റ്നസിന്റെ കുറിച്ച് ചോദിച്ചപ്പോൾ “ഞാൻ അവരുമായി (ഷമിയും രോഹിതും) ഒരു ചെറിയ സംഭാഷണം നടത്തി. കാര്യങ്ങൾ പുരോഗമിക്കുന്നതിൽ ഇരുവരും സംതൃപ്തരായിരുന്നു. അതെ, എന്റെ അറിവിൽ, ഒരു പ്രശ്നവുമില്ലെന്ന് ഞാൻ കരുതുന്നു.” എന്നാണ് പറഞ്ഞത്. നിലവിൽ രണ്ട് ടീമുകളും യോഗ്യത നേടിയെങ്കിലും അടുത്ത മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് മത്സരത്തിനിറങ്ങാൻ തന്നെയാണ് സാധ്യത.