ഇന്ത്യ പാകിസ്ഥാനെ കോപ്പിയടിക്കുന്നെന്ന പരാമര്‍ശം; റമീസ് രാജയെ അലക്കിയുടുത്ത് ആരാധകര്‍

ഇന്ത്യന്‍ ബോളിംഗ് ആക്രമണത്തെക്കുറിച്ച് വലിയ അവകാശവാദവുമായി മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം റമീസ് രാജ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. വിവിധ ഓപ്ഷനുകളുമായി ഒരു മത്സരത്തെ സമീപിക്കുന്ന രീതി ഇന്ത്യ പാകിസ്ഥാനില്‍ നിന്നും കടമെടുത്താത്തതാണെന്നാണ് റമീസ് രാജയുടെ അവകാശവാദം. ഇന്ത്യ പാക്കിസ്ഥാനെ പഠിക്കുകയും അവരുടെ ബോളിംഗ് ആക്രമണം അതേ രീതിയില്‍ പകര്‍ത്തുകയും ചെയ്യുന്നെന്ന് രാജ തുറന്നടിച്ചു. റമീസ് രാജയുടെ ഈ പരാമര്‍ശത്തില്‍ ഇടഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍.

ബുംറ, സിറാജ്, കുല്‍ദീപ് എന്നിവരുടെ കാര്യം വരുമ്പോള്‍ പാകിസ്ഥാന്‍ പകരക്കാരനായി വാ പൊളിച്ച് നില്‍ക്കേണ്ടി വരുമെന്നാണ് ഇന്ത്യന്‍ ഫാന്‍സിന്റെ മറുപടി. പാകിസ്ഥാന്റെ സൂപ്പര്‍ താരങ്ങളെ ഇന്ത്യ ഭാവിയിലേക്കായി വളര്‍ത്തുന്ന യുവ പേസര്‍മാരുമായാണ് റമീസ് താരതമ്യം ചെയ്യുന്നതെന്നും ഇത് പാക് ടീമിന്റെ ദയനീയ അവസ്ഥയെയാണ് തുറന്നുകാട്ടുന്നതെന്നും ആരാധകര്‍ പരിഹസിക്കുന്നു.

ഇന്ത്യയുടെ ജസ്പ്രീത് ബുംറയുടെ നിലവാരത്തിലുള്ള ഒരു പേസ് ബോളറെങ്കിലും പാക് ടീമിലുണ്ടോയെന്നും ആരാധകര്‍ ചോദിക്കുന്നു. ബോളര്‍മാര്‍ അതിവേഗത്തില്‍ പന്തെറിയുന്നതു കൊണ്ടു മാത്രം കാര്യമില്ലെന്നും കളി ജയിപ്പിക്കാനും വിക്കറ്റ് നേടാനും കഴിവുള്ളവരെയാണ് വേണ്ടതെന്നും ഇന്ത്യന്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

Read more

അവസാന ടി20 ലോകകപ്പില്‍ പാകിസ്ഥാനെ ഇന്ത്യ തോല്‍പ്പിച്ചതും റമീസ് രാജയെ ഇന്ത്യന്‍ ആരാധകര്‍ ഓര്‍മിപ്പിച്ചു. കോഹ്‌ലി ഒറ്റയാള്‍ പ്രകടനത്തിലൂടെയാണ് പാകിസ്ഥാനെ തകര്‍ത്തതെന്നും പാക് പേസര്‍മാര്‍ തല്ലുകൊണ്ട്് തളര്‍ന്നിരുന്നെന്നും ആരാധകര്‍ പരിഹസിച്ചു.