2021 ലെ ടി20 ലോക കപ്പിന് മുമ്പേ വിരാട് കോഹ്ലിയും രവി ശാസ്ത്രിയും തമ്മിലുള്ള ബന്ധം സുഖകരമായിരുന്നില്ലെന്ന വിലയിരുത്തലുമായി പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. ഈ പ്രശ്‌നം ലോക കപ്പില്‍ പ്രതിഫലിച്ചെന്നും, അതിനാലാണ് ഇന്ത്യ സെമി കാണാതെ പുറത്തായതെന്നും ഇന്‍സമാം പറഞ്ഞു.
‘ടി20 ലോക കപ്പ് മത്സരങ്ങള്‍ക്ക് മുമ്പ് തന്നെ ഞാന്‍ ഇത് പറഞ്ഞിരുന്നു. ടൂര്‍ണമെന്റ് കഴിയുന്നതോടെ ക്യാപ്റ്റന്‍സി രാജിവയ്ക്കും എന്ന പ്രസ്താവന… അത് ശരിയല്ല. വലിയ ഇവന്റ് ആണ് കളിക്കുന്നത്. ഈ പ്രസ്താവനയിലൂടെ നിങ്ങള്‍ക്ക് സമ്മര്‍ദം ഉണ്ടെന്നും അസ്വസ്ഥനാണെന്നുമാണ് വ്യക്തമാവുന്നത്. ടൂര്‍ണമെന്റിന് ശേഷം ശാസ്ത്രിക്ക് പകരം ദ്രാവിഡ് വരുമെന്ന് അവര്‍ക്കെല്ലാവര്‍ക്കും അറിയാമായിരുന്നു.’
‘വലിയ ടൂര്‍ണമെന്റുകള്‍ക്ക് മുന്‍പ് ഇങ്ങനെ സംഭവിക്കരുത്. നിങ്ങളുടെ അധികാരം ചോദ്യം ചെയ്യപ്പെടുകയാണ്. ടി20 ലോക കപ്പ് ജയിക്കണം എന്നായിരുന്നു ഇന്ത്യക്ക് എങ്കില്‍ ക്യാപ്റ്റനേയും കോച്ചിനേയും അവര്‍ മാറ്റുമായിരുന്നോ? അവര്‍ക്കിടയില്‍ എന്തോ പ്രശ്നമുണ്ട്’ ഇന്‍സമാം പറഞ്ഞു.
യുഎഇയില്‍ നടന്ന ടി20 ലോക കപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് എന്നീ ടീമുകളോട് ആദ്യ മത്സരത്തില്‍ നേരിട്ട തോല്‍വിയാണ് ഇന്ത്യക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ടി20 ലോക കപ്പിന് ശേഷം ടീമിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡും ടി20 നായകനായി രോഹിത് ശര്‍മ്മയും ചുതലയേറ്റിരുന്നു.