പൂര്‍ണമായും നര കീഴ്‌പ്പെടുത്തിയ ഈ അന്‍പതുകാരനെ ഓര്‍ക്കുന്നുണ്ടോ?, ജ്വലിക്കുന്ന ഓര്‍മകളുടെ പിന്നാമ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയ ഒരു ചിത്രം

തന്റെ അമ്മയോടൊപ്പമുള്ള ചിത്രം പങ്കു വച്ച, പൂര്‍ണമായും നര കീഴ്‌പ്പെടുത്തിയ ഒരു അന്‍പതുകാരനെ അവിചാരിതമായി കണ്ടപ്പോള്‍ ഓര്‍മകളിങ്ങനെ പിറകിലേക്ക് ചിറക് വീശി പറക്കുകയാണ്…… അവ താണീറങ്ങുന്നത് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു നാളിലെ ഡാമ്പുള്ളയിലാണ്.. ‘ആറു ബോളുകള്‍ കൊണ്ട് വിശ്വാസങ്ങളുടെ വിഗ്രഹങ്ങള്‍ ഉടഞ്ഞു പോകുന്ന ചില അപൂര്‍വ നിമിഷങ്ങള്‍ ഉണ്ടാകും 22 വാര പിച്ചുകളില്‍ ! എന്ന വാചകം സത്യമാണെന്നുറപ്പിച്ചു കൊണ്ടു ‘മൈക്കല്‍ ബെവന്‍ ക്രീസില്‍ ഉണ്ടെങ്കില്‍ ഓസ്ട്രേലിയ ജയിച്ചിരിക്കും’ എന്ന വിശ്വാസത്തിനു വിള്ളല്‍ വീണ ആ ഫെബ്രുവരി 22 2004 ലേക്ക്…..!

അവിടെ ആറു ബോളില്‍ എട്ടു റണ്‍സ് എന്ന ലക്ഷ്യത്തിലേക്കു ബാറ്റ് വീശുക ആണ് ഓസ്ട്രേലിയ…..
49 ആം ഓവറില്‍ മുത്തയ്യ മുരളീധരനെ മിഡ് ഓണിനു മുകളിലൂടെ സിക്‌സറിന് പറത്തി അവസാന ഓവറിലെ ലക്ഷ്യം വെറും 8 റണ്‍സ് ആക്കി ലഘൂകരിച്ച മനോഭാവത്തോടെ ക്രീസില്‍ മൈക്കല്‍ ബെവന്‍ ഉണ്ട് !.. കൂടെ നോണ്‍ സ്ട്രൈക്കിങ് എന്‍ഡില്‍ അക്കാലത്തെ ഏറ്റവും ഡൈനാമിറ്റ് ആയ സൈമണ്ട്‌സും !
രണ്ടോ മൂന്നോ ബോളില്‍ കളി തീരും. അത് കാണാന്‍ നില്‍ക്കാതെ തിരക്കിന് മുന്‍പേ പുറത്തേക്കുള്ള ഗേറ്റ് കടക്കാം !  എന്ന് കരുതി ഗാലറിയില്‍ നിന്നും വെള്ളക്കുപ്പിയും സ്‌നാക്ക്‌സ് ബോക്സും എല്ലാം പാക്ക് ചെയ്യാന്‍ ശ്രീലങ്കന്‍ കാണികള്‍ വരെ തുടങ്ങിയ നേരത്താണ് ക്യാപ്റ്റന്‍ അട്ടപ്പട്ടു അയാള്‍ക്ക് നേരെ പന്ത് കൊടുക്കുന്നത്.

‘ക്രീസില്‍ നില്‍ക്കുന്നവരുടെ പേരിന്റെ വലുപ്പത്തില്‍ പകക്കേണ്ട , ഇത് നമ്മുടെ നാടിനു വേണ്ടിയുള്ള യുദ്ധമാണ് , നമ്മുടെ സ്വന്തം കാണികള്‍ വരെ ഈ കളി ഉപേക്ഷിച്ച മട്ടാണ് , ഈ കളി ജയിച്ചാല്‍ നമ്മള്‍ മടക്കി കൊണ്ട് വരുക , സിംഹള വീര്യം ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ ഇന്നും ശ്രീലങ്കന്‍ ജേഴ്‌സിയില്‍ കളിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു ജനതയെ ആകും. ‘ ക്യാപ്റ്റനില്‍ നിന്നും പ്രചോദനമേറ്റു വാങ്ങി പതിയെ റണ്ണപ്പിനായി തയ്യാറെടുക്കുന്ന അയാള്‍…

ബെവനും സൈമണ്ട്‌സിനും സിംഗിളുകള്‍ മാത്രം നല്‍കിയ ആദ്യ രണ്ട് ബൗളുകള്‍ ! ലക്ഷ്യം 4 ബോളുകളില്‍ 6 റണ്‍സ് ! സൈമണ്ട്‌സിനെ വെല്ലുവിളിച്ചു കൊണ്ട് കടന്നു പോയ മൂന്നും നാലും ബൗളുകള്‍ !രണ്ട് ബൗളില്‍ നിന്നും ആറു റണ്‍സ് ! എന്ന ലക്ഷ്യത്തിനു മുന്നില്‍ പതറി അഞ്ചാം ബൗളില്‍ മറ്റൊരു സിംഗിളുമായി അവസാന ബൗളില്‍ 5 റണ്‍സ് എന്ന ഭാരം ബെവന് ഇട്ടു കൊടുത്തിട്ടു നോണ്‍ സ്ട്രെക്കിങ് എന്‍ഡിലെ സുരക്ഷിതത്വത്തിലേക്കു മാറുന്ന സൈമന്‍ഡ്സ് !

അയാളുടെ ലാസ്‌റ് ബൗളിലെ 5 റണ്‍സ് ബെവനും എത്തിപിടിക്കാവുന്നതിനും ദൂരത്തായിരുന്നു പിച്ച് ചെയ്തത് ! മൂന്നു റണ്‍സ് ഓടിയെടുത്തു ഓസ്ട്രേലിയ 1 റണ്‍ അകലെ ലങ്കയോട് പരാജയം സമ്മതിക്കുമ്പോള്‍ ചാമിന്ദ വാസ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനല്‍ ഓവറുകളില്‍ ഒന്ന് തന്റെ പേരില്‍ എഴുതി ചേര്‍ത്ത് കഴിഞ്ഞിരുന്നു…..നന്ദി…… വര്‍ണകുലസൂരിയ പടബന്ധികേ ഉഷാന്ത ജോസഫ് ചാമിന്ദ വാസ്. ഇത് പോലെയുള്ള ഒരായിരം ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക്…

എഴുത്ത്: സനല്‍കുമാര്‍ പത്മനാഭന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍