ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ പാറ്റ് കമ്മിന്‍സിനെതിരെ അലസമായി ഷോട്ടിന് ശ്രമിച്ച് പുറത്തായ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ വിമര്‍ശിച്ച് റിക്കി പോണ്ടിംഗ്. രോഹിത് കളിച്ച ഷോട്ട് വിചിത്രമായിരുന്നെന്നും താരത്തിന് ടീമിനോട് യാതൊരു പ്രതിബദ്ധതയില്ലെന്നും പോണ്ടിംഗ് തുറന്നടിച്ചു.
അവന്‍ മടിയനായിരിക്കുന്നു. അദ്ദേഹം കളിച്ച ഷോട്ട് വിചിത്രമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത് മുതല്‍ ഏറ്റവും മികച്ച ഹുക്കര്‍മാരിലും പുള്ളര്‍മാരിലൊരാളാണ് അദ്ദേഹം എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല.
അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നില്ല, ആക്രമണകാരിയാകാനും പന്ത് ടാപ്പുചെയ്യാനും നോക്കിയില്ല. ഓസ്ട്രേലിയന്‍ ട്രാക്കുകളില്‍ നിങ്ങള്‍ക്ക് റണ്‍സ് സ്‌കോര്‍ ചെയ്യണമെങ്കില്‍ നിങ്ങള്‍ സ്വിച്ച് ഓണ്‍ ചെയ്യണം. നിങ്ങള്‍ നല്ല തീരുമാനങ്ങള്‍ എടുക്കണം, അല്ലാത്തപക്ഷം ഓസ്ട്രേലിയന്‍ ബോളര്‍മാര്‍ നിങ്ങളെ ഓരോ തവണയും വീഴ്ത്തും- പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിനെതിരായ ഹോം പരമ്പരയില്‍ തുടങ്ങിയ രോഹിതിന്റെ ദുരിതം പിന്നീട് ന്യൂസിലന്‍ഡിനെതിരെയും ഇപ്പോള്‍ ഓസീസിനെതിരെയും തുടരുകയാണ്. രോഹിത് തന്റെ ഓപ്പണിംഗ് സ്ലോട്ടിലേക്ക് മടങ്ങിയെങ്കിലും ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുന്നതിന് മുമ്പ് അഞ്ച് ബോള്‍ നേരിട്ട് മൂന്ന് റണ്‍സ് മാത്രം നേടാനെ കഴിഞ്ഞുള്ളൂ.
ഓസീസ് നായകന് പാറ്റ് കമ്മിന്‍സെറിഞ്ഞ രണ്ടാം ഓവറിലെ അവസാനത്തെ ബോളില്‍ രോഹിത് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. നേടാനായത് മൂന്നു റണ്‍സ് മാത്രം. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ഷോര്‍ട്ട് ബോളില്‍ അദ്ദേഹം പുള്‍ ഷോട്ടിനു തുനിയുകയായിരുന്നു. പക്ഷെ ടൈമിങ് പാളിയപ്പോള്‍ ടോപ് എഡ്ജായ ബോള്‍ നേരെ മുകളിലേക്കുയര്‍ന്നു. മിഡ് ഓണില്‍ നിന്നും വലതു ഭാഗത്തേക്കു ഓടിയ ശേഷം സ്‌കോട്ട് ബോളണ്ട് ഇതു പിടികൂടുകയുമായിരുന്നു.