വരുന്ന ഐപിഎല്‍ സീസണിന് മുന്നോടിയായി റിക്കി പോണ്ടിംഗിനെ പരിശീല സ്ഥാനത്തുനീക്കി ആരാധകരെ ഞെട്ടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. തുടര്‍ച്ചയായ മൂന്നാം സീസണിലും പ്ലേഓഫിലേക്ക് യോഗ്യത നേടുന്നതില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പരാജയപ്പെട്ടതാണ് പോണ്ടിംഗിന്റെ പുറത്താക്കലില്‍ കലാശിച്ചത്. ബംഗാളി പത്രമായ ആജ്കലുമായുള്ള ആശയവിനിമയത്തില്‍, വരുന്ന സീസണില്‍ റിക്കി പോണ്ടിംഗ് ഇനി മുഖ്യ പരിശീലകനായി തുടരില്ലെന്ന് സൗരവ് ഗാംഗുലി സ്ഥിരീകരിച്ചു.
ഏഴ് വര്‍ഷമായി ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ടിരുന്ന പോണ്ടിംഗിന് മികച്ച ഫലങ്ങളൊന്നും കൊണ്ടുവരാനായില്ലെന്നും അതിനാല്‍ അദ്ദേഹത്തെ വിട്ടയക്കുകയാണെന്ന് ഗാംഗുലി പറഞ്ഞു. താന്‍ തന്നെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നും കോച്ചിംഗ് സ്റ്റാഫിനെ പരിശോധിക്കാന്‍ ഫ്രാഞ്ചൈസി മാനേജ്‌മെന്റിനോട് ആവശ്യപ്പെടുമെന്നും ഗാംഗുലി പറഞ്ഞു.
റിക്കി പോണ്ടിംഗിന് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റര്‍ പങ്കുവെച്ചാണ് ഡല്‍ഹി ഔദ്യോഗികമായുള്ള പടിയിറക്കം സ്ഥിരീകരിച്ചത്. 2018ല്‍ ഡല്‍ഹിയിലെത്തിയ പോണ്ടിങ് 2019, 2020, 2021 സീസണുകളില്‍ ടീമിനെ പ്ലേ ഓഫിലേക്കെത്തിച്ചു.
എന്നാല്‍ അവസാന സീസണിലടക്കം ഡിസി ഏറെ നിരാശപ്പെടുത്തി. കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്താണ് ഡല്‍ഹി ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്. 14 മത്സരത്തില്‍ ഏഴ് മത്സരം മാത്രമാണ് ഡല്‍ഹിക്ക് ജയിക്കാനായത്.