റിഷഭ് പന്തിന്റെ പുറത്താകല്‍: അതു ഔട്ട് തന്നെയാണെന്നു എന്ത് ഉറപ്പാണ് അംപയര്‍ക്കുള്ളത്?, എവിടെ ഹോട്ട്സ്പോട്ട്?, ചോദ്യം ചെയ്ത് ഡിവില്ലിയേഴ്‌സ്

ന്യൂസിലാന്‍ഡുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്സില്‍ റിഷഭ് പന്തിന്റെ വിവാദ പുറത്താവലില്‍ തേര്‍ഡ് അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്സ്. എക്സിലൂടെയാണ് റിഷഭിന്റെ പുറത്താവലിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. അതു ഔട്ട് തന്നെയാണെന്നു എന്ത് ഉറപ്പാണ് അംപയര്‍ക്കുള്ളതെന്ന് എബിഡി ചോദിച്ചു.

ഒരിക്കല്‍ക്കൂടി ചെറിയ ഗ്രേ ഏരിയ തുറന്നു കാണിക്കപ്പെട്ടിരിക്കുകയാണ്. റിഷഭിന്റെ ബാറ്റില്‍ അതു തട്ടിയോ, അതോ തട്ടാതിരുന്നോ? ബാറ്റിനെ ബോള്‍ കടന്നു പോയ അതേ സമയത്തു തന്നെയാണ് ബാറ്റ് പാഡിലും കൊണ്ടത്, അതിന്റെ ശബ്ദം സ്നിക്കോ പിടിച്ചെടുക്കുകയും ചെയ്യും.

പക്ഷെ അതു ബാറ്റില്‍ എഡ്ജായിരുന്നുവെന്നു നമുക്കു എങ്ങനെ ഉറപ്പിക്കാന്‍ കഴിയും? എനിക്കു എല്ലായ്പ്പോഴും ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. വലിയൊരു ടെസ്റ്റ് മല്‍സരത്തിലെ വലിയ മുഹൂര്‍ത്തത്തിലാണ് ഇതു സംഭവിച്ചിരിക്കുന്നത്. എവിടെ ഹോട്ട്സ്പോട്ട്?- എബിഡി എക്സില്‍ കുറിച്ചു.

പോസ്റ്റിനു താഴെ എബിഡി വീണ്ടും ഇതേക്കുറിച്ച് സംസാരിച്ചു. ‘അവിടെ ഒരു സംശയമുണ്ടായിരുന്നുവെന്നത് യാഥാര്‍ഥ്യമാണ്. അങ്ങനെയെങ്കില്‍ നിങ്ങള്‍ ഓള്‍ഫീല്‍ഡ് അംപയറുടെ കോളില്‍ തന്നെ നില്‍ക്കണ്ടേ? തേര്‍ഡ് അംപയര്‍ കൃത്യമായ വ്യതിയാനം കണ്ടില്ലെങ്കില്‍? എബിഡി ചോദിച്ചു.

Read more