ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇംപാക്ട് പ്ലെയർ നിയമം ആവശ്യമാണോ? മത്സരത്തിൻ്റെ ഏത് ഘട്ടത്തിലും ഒരു കളിക്കാരനെ പകരം വയ്ക്കാൻ ടീമിനെ അനുവദിക്കുന്ന പുതിയ നിയമം വൻ വിമർശനത്തിന് വിധേയമായിട്ടുണ്ട്. ആരാധകരും വിദഗ്ധരും ഇതിനെ സംബന്ധിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള അഭിപ്രായങ്ങൾ പറയുന്നുണ്ട്.
ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് തൻ്റെ ടീമിന് സുഖകരമായ തോൽവി ഏറ്റുവാങ്ങിയതിന് ശേഷം നിയമത്തോടുള്ള അതൃപ്തി പ്രകടിപ്പിച്ചു. ദുഷ്‌കരമായ പിച്ചിൽ ലഖ്‌നൗ സൂപ്പർ ജയൻ്റിനെതിരെ 176 റൺസ് നേടിയെങ്കിലും, സിഎസ്‌കെക്ക് 8 വിക്കറ്റിൻ്റെ തോൽവി ഏറ്റുവാങ്ങേണ്ടതായി വന്നിരുന്നു. മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ ഋതുരാജ് പറഞ്ഞത് ഇങ്ങനെ:
“ഇത്രയും റൺസ് പോരായിരുന്നു ജയിക്കാൻ എന്നുള്ളത് സത്യമാണ്. ഇമ്പാക്ട് റൂൾ ഒകെ ഉള്ളപ്പോൾ ഒരു 15 റൺസ് എങ്കിലും കൂടുതൽ വേണമായിരുന്നു .” നായകൻ പറഞ്ഞു. അടുത്തിടെ മുംബൈ താരം ബുംറയും ഈ നിയമത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നു. “ഒരു മത്സരം ജയിക്കുന്നത് നല്ലതാണ്, പക്ഷേ അത് കുറച്ച് നേരത്തെ അവസാനിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ ഇംപാക്റ്റ് പ്ലെയർ റൂൾ കാരണം സംഭവിക്കുന്ന പ്രശ്നങ്ങളാണ് ഇത്. ബൗളർമാരുടെ പിന്നാലെ പോകാനുള്ള ലൈസൻസ് ഇത് ബാറ്റർമാർക്ക് നൽകുന്നു. ഈ നിയമം കാരണം ഒരു ബൗളർ ഒന്നും അല്ലാതെ ആകുന്നു.” ജസ്പ്രീത് ബുംറ പറഞ്ഞു.
നേരത്തെ, അദ്ദേഹത്തിൻ്റെ സഹതാരം രോഹിത് ശർമ്മ ഇംപാക്റ്റ് പ്ലെയർ നിയമത്തിനെതിരെ സംസാരിച്ചിരുന്നു. ക്ലബ് പ്രേരി ഫയർ പോഡ്‌കാസ്റ്റിൽ ആദം ഗിൽക്രിസ്റ്റിനോടും മൈക്കൽ വോണിനോടും നടത്തിയ സംഭാഷണത്തിൽ, ഈ നിയമം ഇന്ത്യൻ ക്രിക്കറ്റിനെ ബാധിക്കുന്നുണ്ടെന്ന് രോഹിത് പറഞ്ഞു. “ഇത് ഓൾറൗണ്ടർമാർക്ക് നല്ലതല്ല.. വാഷിംഗ്ടൺ സുന്ദറും ശിവം ദുബെയും ഈ സീസണിൽ പന്തെറിഞ്ഞിട്ടില്ല. ഇത് ആശങ്കാജനകമായ ഒരു വശമാണ്. നിങ്ങൾ 11 കളിക്കാരുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നു, എന്നാൽ നിങ്ങൾ ഐപിഎല്ലിൽ 12 കളിക്കാരുമായി മത്സരിക്കുന്നു. ആരാധകരെ രസിപ്പിക്കാനാണ് ഈ നിയമം കൊണ്ടുവന്നത്. ഇംപാക്ട് പ്ലെയർ നിയമത്തെ ഞാൻ അനുകൂലിക്കുന്നില്ല,” രോഹിത് ശർമ പറഞ്ഞു.