കോഹ്ലിയെ കുടുക്കിയ ശാപമില്ല; പേരുദോഷം മാറി രോഹിത്ത്

ഫോട്ടോ കടപ്പാട്: ഇന്ത്യന്‍ എക്സ്പ്രസ്

രോഹിത്ത് ശര്‍മ്മ മൂന്നാം വട്ടവും ഡബിള്‍ സെഞ്ച്വറി നേടിയപ്പോള്‍ തിരുത്തിയത് ഒരു പേരുദോശം. രോഹിത്ത് കഴിഞ്ഞ രണ്ട് തവണയും ഡബിള്‍ സെഞ്ച്വറി നേടിയപ്പോഴും കോഹ്ലിയെ രോഹിത്ത് റണ്ണൗട്ടാക്കിയിരുന്നു. ഇതേതുടര്‍ന്ന് “കോഹ്ലിയെ റണ്‍ഔട്ട് ആക്കുന്ന മത്സരത്തില്‍ രോഹിത്ത് ഡബിള്‍ സെഞ്ച്വറി അടിക്കും” എന്നത് ക്രിക്കറ്റിലെ ഒരു പഴഞ്ചൊല്ലായി മാറിയതാണ്.

2013ല്‍ ഓസ്ട്രേലിയക്കെതിരെയാണ് ആദ്യത്തെ സംഭവം, അന്ന് രോഹിത് നേടിയ 209 റണ്‍സില്‍ കോഹ്ലിയുടെ കണ്ണീരുണ്ടായിരുന്നു. ഇന്നിങ്‌സില്‍ 19ആം ഓവറില്‍ ധവാന്‍ ഔട്ടായി മടങ്ങിയപ്പോഴാണ് രോഹിതും, കോഹ്ലിയും ഒന്നിക്കുന്നത്. എന്നാല്‍ ക്രീസിലെത്തിയ കോഹ്ലി, ധവാനുമായി ഉണ്ടായ ആശയക്കുഴപ്പത്തിനിടെ റണ്‍ഔട്ട് ആയി മടങ്ങുകയായിരുന്നു.

2014ല്‍ കൊല്‍ക്കത്തയില്‍ ശ്രീലങ്കക്കെതിരെയായിരുന്നു രണ്ടാമത്തെ സംഭവം. രോഹിത് അന്ന് നേടിയ 264 റണ്‍സിന്റെ റെക്കോര്‍ഡ് ഇന്നിങ്‌സിലും കോഹ്ലിയുടെ കണ്ണീരുപ്പ് പതിഞ്ഞു. അന്ന് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 202 റണ്‍സിന്റെ കൂറ്റന്‍ പാര്‍ട്ണര്‍ഷിപ് പടുത്തുയര്‍ത്തി. എന്നാല്‍ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന കൊഹ്ലിയെ അശ്രദ്ധമായ ഓട്ടത്തിലൂടെ രോഹിത് റണ്ണൗട് ആക്കി. തുടര്‍ന്ന് പ്രായശ്ചിത്തമെന്നോണം ബാറ്റുവീശിയ രോഹിത് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 264 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചാണ് മടങ്ങിയത്. രോഹിതിന്റെ സ്‌കോറിനേക്കാള്‍ 13 റണ്‍സ് കുറച്ചു മാത്രമാണ് ലങ്കയ്ക്ക് അന്ന് എടുക്കാനായത്.

ഇരുവരും തമ്മിലുള്ള വിക്കറ്റിന്റെ ഇടയിലെ ഓട്ടം അത്ര സുഖകരമായ ഓര്‍മയല്ല ഇന്ത്യന്‍ കാണികള്‍ക്ക് ഏപ്പോഴും സമ്മാനിക്കാറുള്ളത്. ആറുതവണ ഇരുവരും തമ്മിലുള്ള പാര്‍ട്ണര്‍ഷിപ്പ് അവസാനിച്ചത് റണ്‍ഔട്ടുകളിലൂടെ ആണ്. നാലുതവണ കോഹ്ലി ഇരയായപ്പോള്‍ രണ്ട് തവണ രോഹിതിനായിരുന്നു ദൗര്‍ഭാഗ്യം. അതിനാല്‍ തന്നെ ഇന്നത്തെ മത്സരത്തില്‍ വിശ്രമം അനുവദിക്കപ്പെട്ട കോഹ്ലി ടീമിലില്ലാത്തതിനാല്‍ വലിയൊരു പേരുദോഷം മറികടക്കാനായി എന്ന് രോഹിതിന് തീര്‍ച്ചയായും ആശ്വസിക്കാം.

153 ബോളില്‍ 13 ഫോറും 12 സിക്‌സും സഹിതമാണ് രോഹിതിന്റെ മൂന്നാം ഡബിള്‍ സെഞ്ച്വറി. നായകന്റെ കാളി പുറത്തെടുത്ത രോഹിത് 208 റണ്‍സ് നേടിയപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരേ നാല് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്. രോഹിത്തിനെ കൂടാതെ ശിഖര്‍ ധവാന്‍ (68), ശ്രേയസ് അയ്യര്‍ (88) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ മഹേന്ദ്ര സിങ് ധോണി (7), ഹാര്‍ദിക് പാണ്ഡ്യ (8) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ശ്രീലങ്കന്‍ നിരയില്‍ തിസാര പെരേര മൂന്ന് വിക്കറ്റും എസ്എസ് പതിരാന ഒരുവിക്കറ്റും വീഴ്ത്തി.