അണ്ടര്‍ 19 ക്രിക്കറ്റ് ടീമുമായി സംവദിച്ച് ഇന്ത്യന്‍ ലിമിറ്റഡ് ഓവര്‍ നായകന്‍ രോഹിത് ശര്‍മ്മ. ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വച്ചാണ് താരം പുതിയ തലമുറയിലെ അംഗങ്ങളുമായി സമയം ചെലവഴിച്ചത്. പരുക്കില്‍ നിന്ന് മുക്തി നേടി ഫിറ്റനസ് വീണ്ടെടുക്കാനായാണ് രോഹിത് എന്‍സിഎയിലെത്തിയത്. അണ്ടര്‍ 19 ടീം അംഗങ്ങളും എന്‍സിഎയില്‍ ക്യാമ്പിലാണ്.
അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 10ന് പ്രഖ്യാപിച്ചിരുന്നു. 20 അംഗ സംഘത്തെയാണ് സെലക്ഷന്‍ കമ്മറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 23 മുതല്‍ ജനുവരി 1 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ഇതിനുള്ള തയാറെടുപ്പുകള്‍ക്കിടെയാണ് താരങ്ങള്‍ക്ക രോഹിത്തിന്റെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും ലഭിച്ചിരിക്കുന്നത്.
രോഹിത്തിനൊപ്പം പരിക്കിന്റെ പിടിയിലായ രവീന്ദ്ര ജഡേജയും എന്‍സിഎയില്‍ ഉണ്ട്. വിവിഎസ് ലക്ഷ്മണിന്റെ കീഴിലാവും ഇരുവരുടെയും ഫിറ്റ്നസ് പുരോഗതി വിലയിരുത്തപ്പെടുക. ഇതിനു ശേഷമാകും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ ഇരുവര്‍ക്കും കളിക്കാനാവുമോ എന്ന കാര്യത്തില്‍ തീരുമാനമാവുക.
രോഹിത് ശര്‍മയെ ഏകദിന, ടി20 നായകനാക്കിയ ശേഷമുള്ള ആദ്യത്തെ പ്രധാന പരമ്പരയാണിത്. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും പരിമിത ഓവര്‍ പരമ്പരക്ക് മുമ്പ് രോഹിത്തിന് ഫിറ്റ്നസ് വീണ്ടെടുക്കേണ്ടതായുണ്ട്.