മെൽബൺ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിന്റെ അവസാന ദിവസത്തിൽ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം. ഇന്നും ഇന്ത്യയുടെ വെറ്ററൻ ബാറ്റർമാരായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഒന്നും തന്നെ ടീമിന് വേണ്ടി കളിച്ചില്ല. ‘ഹിറ്റ്മാൻ’ രോഹിത് 40 പന്തിൽ 9 റൺസ് നേടിയപ്പോൾ ‘കിംഗ്’ കോഹ്‌ലി നേടിയത് വെറും 5 റൺസ്. ഇരുവർക്കും കൂട്ടായി കെഎൽ രാഹുൽ 5 പന്തിൽ സംപൂജ്യനായി മടങ്ങുകയും ചെയ്തു.
ഓസ്‌ട്രേലിയ ഉയർത്തിയ 340 റൺസെന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി. നാലാം ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് ഇതെഴുതുമ്പോൾ മൂന്ന് വിക്കറ്റിന് 65 റൺസെന്ന നിലയിലാണ് ഇന്ത്യ. 36 റൺസുമായി യശസ്വി ജയ്‌സ്വാളും 10 റൺസുമായി ഋഷഭ് പന്തുമാണ് ക്രീസിൽ. ഓസീസിന് വേണ്ടി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് രണ്ടും മിച്ചൽ സ്റ്റാർക്ക് ഒരു വിക്കറ്റും സ്വന്തമാക്കി.
ഒൻപത് റൺസ് നേടിയ രോഹിത്തിനെയും പൂജ്യനായ രാഹുലിനെയും പുറത്താക്കി ക്യാപ്റ്റൻ കമ്മിൻസാണ് ഇന്ത്യയ്ക്ക് ഇരട്ടപ്രഹരമേൽപ്പിച്ചത്. ആദ്യ സെഷൻ അവസാനിക്കുന്നതിന് തൊട്ട് മുന്നേ അഞ്ച് റൺസെടുത്ത വിരാട് കോഹ്‌ലിയെ മിച്ചൽ സ്റ്റാർക്കാണ് പുറത്താക്കിയത്.