'ഒറ്റയ്ക്ക് പോവല്ലേ.. ഞാനും വരുന്നു..'; കോഹ്‌ലിക്ക് പിന്നാലെ ടി20യില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത്

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് പിന്നാലെ ടി20 ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് സൂപ്പര്‍ ഹിറ്റര്‍ രോഹിത് ശര്‍മയും. ഐസിസി ടി20 ലോകകപ്പ് കിരീടം ചൂടിയതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പ് വിജയത്തിന് ശേഷം രോഹിത് ശര്‍മ്മ തന്റെ അവസാന ടി20 അന്താരാഷ്ട്ര മത്സരം കളിച്ചതായി സ്ഥിരീകരിച്ചു.

ടി20യില്‍ നിന്ന് വിരമിക്കുമെന്ന വിരാട് കോഹ്ലിയുടെ പ്രഖ്യാപനം പരാമര്‍ശിച്ച് ”ഇത് എന്റെ അവസാന മത്സരവും ആയിരുന്നു,” മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ ക്യാപ്റ്റന്‍ രോഹിത് പറഞ്ഞു.

‘ഈ ഫോര്‍മാറ്റ് കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഞാനിത് ഏറെ ആസ്വദിച്ചു. ഈ ഫോര്‍മാറ്റിനോട് വിടപറയുന്നതിന് ഉത്തമമായ സമയം ഇതാണ്. ഇതിലെ ഓരോ നിമിഷവും ഞാന്‍ ഇഷ്ടപ്പെട്ടു. ഇതാണ് ഞാന്‍ ആഗ്രഹിച്ചത്, എനിക്ക് കപ്പ് നേടണമായിരുന്നു’ രോഹിത് പറഞ്ഞു.

കളിച്ച 159 ടി20 മത്സരങ്ങളില്‍ നിന്ന് 32 ശരാശരിയിലും 141 സ്‌ട്രൈക്ക് റേറ്റിലും 4231 റണ്‍സാണ് രോഹിത് നേടിയത്. 2024 ലെ ടി20 ലോകകപ്പില്‍, 156.70 എന്ന സ്ട്രൈക്ക് റേറ്റിലും 36.71 ശരാശരിയിലും 257 റണ്‍സുമായി രോഹിത് ശര്‍മ്മ ഏറ്റവും കൂടുതല്‍ റണ്‍ വേട്ട നടത്തിയവരില്‍ രണ്ടാം സ്ഥാനത്താണ്.