മുംബൈ ഇന്ത്യന്‍സിനെതിരായ 12 റണ്‍സ് വിജയത്തോടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ബാറ്റിങ്ങില്‍ ഇത്തവണയും പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റന്‍സിയില്‍ മികവ് പുലര്‍ത്തിയാണ് ലഖ്‌നൗവിന് നായകന്‍ റിഷഭ് പന്ത് വിജയം സമ്മാനിച്ചത്. 27 കോടി പ്രൈസ് ടാഗ് സമ്മര്‍ദം താരത്തെ കഴിഞ്ഞ മത്സരങ്ങളില്‍ കാര്യമായി ബാധിച്ചിരുന്നു. ടീം ഉടമ സഞ്ജീവ് ഗോയങ്കക്കൊപ്പമുളള പന്തിന്റെ ചില വീഡിയോസ് കെഎല്‍ രാഹുലിന്റെ പഴയ വീഡിയോസ് ഓര്‍മപ്പെടുത്തുന്ന തരത്തിലായിരുന്നുവെന്ന് ആരാധകരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മുംബൈക്കെതിരെയുളള എല്‍എസ്ജിയുടെ വിജയം ടീം ക്യാമ്പിനെ ഒന്നാകെ ഉണര്‍ത്തി.
ബാറ്റിങ്ങിലും ബോളിങ്ങിലും ശ്രദ്ധേയ പ്രകടനമാണ് ലഖ്‌നൗ ടീം കഴിഞ്ഞ ദിവസം കാഴ്ചവച്ചത്. മത്സരശേഷം രോഹിത് ശര്‍മ്മയ്‌ക്കൊപ്പമുളള റിഷഭ് പന്തിന്റെയും സഞ്ജീവ് ഗോയങ്കയുടെയും ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കളി കഴിഞ്ഞ ശേഷം ഗ്രൗണ്ടില്‍ വച്ച് നര്‍മം പങ്കിടുന്ന മൂവരുടെയും വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ട്വിറ്ററിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്.
ആദ്യ ബാറ്റിങ്ങില്‍ 203 റണ്‍സാണ് മുംബൈക്കെതിരെ ലഖ്‌നൗ ബാറ്റര്‍മാര്‍ അടിച്ചെടുത്തത്. ഇതില്‍ ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷ് 60 റണ്‍സും എയ്ഡന്‍ മാര്‍ക്രം 53 റണ്‍സും ടീംടോട്ടലിലേക്ക് ചേര്‍ത്തു. അവസാന ഓവറുകളില്‍ ആയുഷ് ബദോനിയുടെയും ഡേവിഡ് മില്ലറിന്റെയും തകര്‍പ്പനടികളിലൂടെയാണ് ലഖ്‌നൗ 200 കടന്നത്. മറുപടി ബാറ്റിങ്ങില്‍ ലഖ്‌നൗവിന്റെ വിജയലക്ഷ്യം മുംബൈ മറികടക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും 191 റണ്‍സില്‍ അവരുടെ ഇന്നിങ്ങ്‌സ് അവസാനിക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവ് 67 റണ്‍സും നമന്‍ ധീര്‍ 46റണ്‍സും എടുത്തു.