IPL 2025: രോഹിതേ മോനേ നിന്റെ കിളി പോയോ, എന്തൊക്കെയാ കാണിച്ചുകൂട്ടുന്നത്, ഹിറ്റ്മാന്റെ പുതിയ വീഡിയോ കണ്ട് ആരാധകര്‍

ഐപിഎലില്‍ തുടര്‍ച്ചയായ അഞ്ചാം വിജയത്തോടെ ഈ സീസണില്‍ മിന്നുംകുതിപ്പിലാണ് മുംബൈ ഇന്ത്യന്‍സ്. തുടക്കത്തില്‍ പോയിന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരായിരുന്ന മുംബൈ ടീം രോഹിത് ശര്‍മ്മ ഉള്‍പ്പെടെയുളള കളിക്കാര്‍ ഫോമിലായതോടെ വന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. കുറഞ്ഞ സ്‌കോറുകളില്‍ പുറത്തായി ആരാധകരെ നിരാശരാക്കിയിരുന്ന ഹിറ്റ്മാന്‍ പിന്നീടുളള മത്സരങ്ങളില്‍ തുടര്‍ച്ചയായി അര്‍ധശതകങ്ങള്‍ നേടി ടീമിന്റെ രക്ഷയ്‌ക്കെത്തി. ചെന്നൈക്കെതിരെ 45 ബോളില്‍ 76ഉം, ഹൈദരാബാദിനെതിരെ 46 ബോളില്‍ 70ഉം റണ്‍സടിച്ചാണ് രോഹിത് തന്റെ ബാറ്റിങ് മികവ് പുറത്തെടുത്തത്.

ഈ സീസണില്‍ തന്നെ എഴുതിതളളിയവര്‍ക്കുളള വായടപ്പിക്കുന്ന മറുപടിയായിരുന്നു രോഹിത് ശര്‍മ്മ തന്റെ ബാറ്റിങ്ങിലൂടെ നല്‍കിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. ഇതിന് മുന്‍പായി രോഹിതിന്റെ പുറത്തിറങ്ങിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. യാത്രയ്ക്കിടെ എയര്‍പോര്‍ട്ടില്‍ വച്ചുളള ഒരു വീഡിയോയില്‍ സഹതാരത്തിന് നേരെ റൊമാന്റിക്കായി നില്‍ക്കുകയാണ് ഹിറ്റ്മാന്‍.

എസ്‌കലേറ്ററില്‍ വച്ചുളള രോഹിതിന്റെ ഈ റൊമാന്റിക്ക് പോസ് കണ്ട് കൂടെയുളളവര്‍ക്ക് ചിരി പൊട്ടുന്നതും വീഡിയോയില്‍ കാണാം. കളിക്കളത്തില്‍ വച്ചും ഡ്രസിങ് റൂമില്‍ വച്ചുമെല്ലാം സഹകളിക്കാര്‍ക്കൊപ്പമുളള രോഹിതിന്റെ രസകരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. മത്സരങ്ങളുടെ സമ്മര്‍ദമില്ലാതെ വളരെ കൂളായാണ് പലപ്പോഴും താരത്തെ കാണാറുളളത്. മുംബൈക്ക് ഇത്തവണ പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയതില്‍ താരത്തിന്റെ പങ്ക് വളരെ വലുതാണ്.