ഐപിഎല്‍ 15ാം സീസണില്‍ തുടര്‍ച്ചയായി എട്ടാം മത്സരത്തിലും തോറ്റതില്‍ പ്രതികരണവുമായി മുംബൈ നായകന്‍ രോഹിത് ശര്‍മ്മ. ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് 36 റണ്‍സിനാണ് മുംബൈ പരാജയം നുണഞ്ഞത്. മധ്യനിരയുടെ മോശം പ്രകടനമാണ് കണക്കുകൂട്ടലുകള്‍ തെറ്റച്ചതെന്ന് രോഹിത് പറഞ്ഞു.
‘ബാറ്റ് ചെയ്യാന്‍ പറ്റിയ പിച്ചായിരുന്നു അത്. സ്‌കോര്‍ ചേസ് ചെയ്യാമെന്ന് ഞാന്‍ കരുതി. പക്ഷേ ഞങ്ങള്‍ക്ക് വേണ്ടത്ര ബാറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇത്തരത്തിലുള്ള ഒരു വിജയലക്ഷ്യം ഉണ്ടെങ്കില്‍ കൂട്ടുകെട്ട് പ്രധാനമാണ്. പക്ഷേ മധ്യ ഓവറില്‍ എന്റേതുള്‍പ്പെടെ നിരുത്തരവാദപരമായ ചില ഷോട്ടുകള്‍ ഞങ്ങള്‍ കളിച്ചു.’
‘അവര്‍ നന്നായി പന്തെറിഞ്ഞു. ഈ ടൂര്‍ണമെന്റില്‍ ഞങ്ങള്‍ വേണ്ടത്ര നന്നായി ബാറ്റ് ചെയ്തിട്ടില്ല. മധ്യനിരയില്‍ കളിക്കുന്നവര്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് അവസാനം വരെ ഇന്നിംഗ്സുകള്‍ കളിക്കേണ്ടതുണ്ട്. എതിരാളികള്‍ അത് ചെയ്തിട്ടുണ്ട്. അതാണ് ഞങ്ങളെ വേദനിപ്പിക്കുന്നത്. ഒരാള്‍ കഴിയുന്നിടത്തോളം ബാറ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്’ രോഹിത് ശര്‍മ്മ പറഞ്ഞു.
അഞ്ചു തവണ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട മുംബൈയ്ക്ക് ഈ സീസണില്‍ ഇതുവരെ ജയിക്കാനായിട്ടില്ല. കളിച്ച കളിയില്‍ എട്ടിലും പരാജയപ്പെട്ട അവര്‍ പ്ലേഓഫില്‍ നിന്നും ഏറെക്കുറെ പുറത്തായി. ഇതോടെ ഇനിയുള്ള മത്സരങ്ങള്‍ മുംബൈയെ സംബന്ധിച്ച് അപ്രസക്തമാണ്.