Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

ധോണി തന്നെ ടീമിന്റെ വെളിച്ചവും വഴികാട്ടിയും: രോഹിത്ത്

, 12:05 pm

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര തുടങ്ങാനിരിക്കെ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ പ്രശംസ കൊണ്ട് മൂടി ഉപനായകന്‍ രോഹിത്ത് ശര്‍മ്മ. ധോണി ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് തീര്‍ത്ത് പറഞ്ഞ രോഹിത്ത് ഡ്രസിങ് റൂമിലും ഗ്രൗണ്ടിലും ധോണിയുടെ സാന്നിധ്യം നല്‍കുന്ന ഊര്‍ജ്ജം തന്നെ വലുതാണെന്നും കൂട്ടിച്ചേര്‍ത്തു.

‘ടീമിന്റെ വെളിച്ചവും വഴികാട്ടിയുമെല്ലാം അദ്ദേഹം തന്നെ. ധോണിയുടെ പരിചയസമ്പത്തും ഉപദേശവും ടീമിന് ഒരുപാട് ഗുണം ചെയ്യുന്നു. പ്രത്യേകിച്ച യുവതാരങ്ങള്‍ക്ക്’ രോഹിത്ത് വിലയിരുത്തുന്നു.

വിക്കറ്റിന് പിന്നില്‍ ധോണി നില്‍ക്കുന്നത് യുവ സ്പിന്നര്‍മാരായ യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കും ഗുണമാകുമെന്നും രോഹിത്ത് നിരീക്ഷിക്കുന്നു. ‘അവര്‍ ബൗള്‍ ചെയ്യുമ്പോല്‍ ധോണിക്ക് കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ കഴിയുന്നു. 2017 മുതല്‍ ഇരുവരും ഒരുമിച്ച് ഇന്ത്യക്ക് വേണ്ടി കളിക്കുന്നു. ഇന്ത്യയിലും പുറത്തും ഇവര്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നു. അതിന്റെ പ്രധാന കാരണം ധോണി തന്നെയാണ്. ഇവര്‍ പന്തെറിയാനെത്തുമ്പോള്‍ ധോണിക്ക് അറിയാം അവരെ എങ്ങിനെ ഉപയോഗിക്കണമെന്ന്’ രോഹിത് കൂട്ടിച്ചേര്‍ത്തു.

അതെസമയം ധോണിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഈ പരമ്പര. ലോകകപ്പ് പടിവാതിലില്‍ നില്‍ക്കേ ഫോം കണ്ടെത്തേണ്ടത് ധോണിയുടെ ഉത്തരവാദിത്വമാണ്. മാത്രമല്ല, മികച്ച ഫോമിലുള്ള യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ പുറത്തിരുത്തിയാണ് ധോണിയെ ടീമിലെടുത്തതും.

Advertisement