മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലെ ഒരു പവലിയനിലെ സ്റ്റാന്‍ഡിന് തന്റെ പേര് നല്‍കിയതില്‍ പ്രതികരണവുമായി രോഹിത് ശര്‍മ്മ. വികാരഭരിതനായാണ് ചടങ്ങില്‍ ഹിറ്റ്മാന്‍ സംസാരിച്ചത്. ഈ നിമിഷം വിശ്വസിക്കാനാവുന്നില്ലെന്നും ഇത്തരമൊരു കാര്യം സംഭവിക്കുമെന്ന് താന്‍ ഒരിക്കലും സങ്കല്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ താന്‍ എന്നേക്കും ഇതിന് നന്ദിയുളളവനായിരിക്കുമെന്നും രോഹിത് പറഞ്ഞു. വാംഖഡെ സ്റ്റേഡിയത്തിലെ ദിവേഷ് പവിലിയന്‍ 3യ്ക്കാണ് രോഹിത് ശര്‍മാസ് സ്റ്റാന്‍ഡ് എന്ന പേര് നല്‍കുക.
സുനില്‍ ഗവാസ്‌കര്‍, വിജയ് മര്‍ച്ചന്റ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍ പോലുളള ഇതിഹാസ താരങ്ങള്‍ക്കൊപ്പമാണ് ഇനി രോഹിത് ശര്‍മയുടെ പേരും സ്റ്റേഡിയത്തിലുണ്ടാവുക. മുംബൈക്കും ഇന്ത്യന്‍ ക്രിക്കറ്റിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് രോഹിതിന് ഈ ആദരം മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയത്. തന്നില്‍ എത്രത്തോളം ഇനി ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് തനിക്കറിയില്ലെന്ന് പറഞ്ഞുകൊണ്ട് വിരമിക്കല്‍ സൂചനയും താരം നല്‍കി.
Read more
കുറഞ്ഞ കാലയളവില്‍ ഇന്ത്യയ്ക്കായി ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടി ചരിത്രത്തില്‍ ഇടംപിടിച്ച നായകന്‍ കൂടിയാണ് രോഹിത്. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനായി അഞ്ച് തവണ കീരിടം നേടിയ ശേഷമാണ് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി രോഹിതിനെ തേടി എത്തുന്നത്. ഐപിഎലില്‍ ക്യാപ്റ്റനായ അനുഭവപരിചയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഗുണം ചെയ്യില്ലെന്ന് വിമര്‍ശിച്ചവര്‍ക്കുളള മറുപടി കൂടിയായിരുന്നു രണ്ട് ഐസിസി കീരിടനേട്ടങ്ങളിലൂടെ രോഹിത് കാണിച്ചുകൊടുത്തത്.