MI UPDATES: ഇംപാക്ട് പ്ലെയറായി എപ്പോഴും കളിക്കുന്നതിന് കാരണമിത്, അങ്ങനെയൊരു തീരുമാനമെടുത്തതിന് പിന്നില്‍, മത്സരശേഷം തുറന്നുപറഞ്ഞ് രോഹിത് ശര്‍മ്മ

രോഹിത് ശര്‍മ്മയുടെയും സൂര്യകുമാര്‍ യാദവിന്റെയും മികവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഇന്നലെ ഒമ്പത് വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് ജയിച്ചുകയറിയത്. സിഎസ്‌കെ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറില്‍ മറികടക്കുകയായിരുന്നു മുംബൈ. ഈ സീസണില്‍ ഫോം ഔട്ടിലായിരുന്ന രോഹിത് ഇന്നലത്തെ ഒറ്റ കളിയോടെ ഗംഭീര തിരിച്ചുവരവാണ് ടൂര്‍ണമെന്റില്‍ നടത്തിയത്. 45 പന്തില്‍ നാല് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 76 റണ്‍സാണ് ഹിറ്റ്മാന്‍ നേടിയത്. 168.89 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഈ വെടിക്കെട്ട് പ്രകടനം. സൂര്യകുമാര്‍ രോഹിതിന് മികച്ച പിന്തുണ നല്‍കിയതോടെയാണ് മുംബൈ അനായാസം വിജയം നേടിയത്.

മത്സരശേഷം ഇംപാക്ട് പ്ലെയറായി ഇറങ്ങി കളിക്കുന്നതിനെ കുറിച്ച് രോഹിത് മനസുതുറന്നിരുന്നു. തന്റെ ടീം അഗ്രഹിക്കുന്നുവെങ്കില്‍ ഉടന്‍ ബാറ്റ് ചെയ്യാന്‍ വരുന്നതില്‍ തനിക്ക് കുഴപ്പമില്ലെന്ന് രോഹിത് പറയുന്നു. “നമ്മള്‍ സംസാരിച്ച കാര്യമാണിത്. പക്ഷേ 2, 3 ഓവറുകള്‍ വലിയ വ്യത്യാസമുണ്ടാക്കില്ല. പക്ഷേ 17 ഓവറുകള്‍ ഫീല്‍ഡ് ചെയ്യാത്തപ്പോള്‍ അത് എളുപ്പമല്ല. അതാണ് ചിന്താപ്രക്രിയ. പക്ഷേ എന്റെ ടീം ഞാന്‍ നേരിട്ട് വന്ന് ബാറ്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ എനിക്ക് പ്രശ്‌നമില്ല, രോഹിത് പറഞ്ഞു.

മോശം ഫോമിലായിരുന്ന സമയത്തെ കുറിച്ചുളള ചോദ്യത്തിന് മോശം അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ സംശയങ്ങള്‍ ഉടലെടുക്കുന്നതിനാല്‍ വ്യക്തമായ ഒരു മാനസികാവസ്ഥ ഉണ്ടായിരിക്കണമെന്ന് രോഹിത് പറയുന്നു. ഇത്രയും കാലം ഇവിടെ ഉണ്ടായിരുന്നതിന് ശേഷം സ്വയം സംശയിക്കാന്‍ തുടങ്ങുകയും വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങുകയും ചെയ്യുന്നത് എളുപ്പമാണ്. എനിക്ക് ലളിതമായ കാര്യങ്ങള്‍ ചെയ്യുകയും വ്യക്തമായ ഒരു മാനസികാവസ്ഥ ഉണ്ടായിരിക്കുകയും വേണ്ടത്‌ പ്രധാനമായിരുന്നു, താരം കൂട്ടിച്ചേര്‍ത്തു.